02 February, 2025 10:12:12 PM


ഭർത്താവിന്‍റെ വൃക്ക വിറ്റ് ലഭിച്ച പണവുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി



ഹൗറ: ഭർത്താവിന്‍റെ വൃക്കവിറ്റ് ലഭിച്ച പണവുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമബംഗാളിലെ ഹൗറയില്‍ ആണ് സംഭവം. ഭർത്താവിന്‍റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും കാമുകനെയും പിന്നീട് കണ്ടെത്തി.ഹൗറയിലെ സങ്കറെയ്‌ല്‍ സ്വദേശിയായ യുവതിയാണ് ഭർത്താവിന്‍റെ വൃക്കവിറ്റ് കിട്ടിയ പത്തുലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയത്.

യുവതിയുടെ നിർബന്ധപ്രകാരമാണ് ഭർത്താവ് വൃക്ക വില്‍ക്കാൻ സമ്മതിച്ചതെന്നും എന്നാല്‍, പണം കിട്ടിയതിന് പിന്നാലെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം യുവതി ഒളിച്ചോടിയെന്നുമാണ് റിപ്പോർട്ട്. മകളുടെ പഠനത്തിനും വിവാഹാവശ്യത്തിനും പണം കണ്ടെത്താനായാണ് യുവതി ഭർത്താവിനോട് വൃക്ക വില്‍ക്കാൻ ആവശ്യപ്പെട്ടത്. പണം കിട്ടിയാല്‍ കുടുംബത്തിലെ ദാരിദ്ര്യം മാറുമെന്നും പറഞ്ഞു. യുവതിയുടെ നിർബന്ധപ്രകാരം ഭർത്താവ് വൃക്കവില്‍ക്കാൻ തയ്യാറായി.

ഭർത്താവിന്‍റെ പത്തുലക്ഷം രൂപയുമായി ബരക്ക്പുർ സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. പെയിൻ്റിങ് തൊഴിലാളിയായ ഇയാളുമായി യുവതി ഫെയ്‌സ്‌ബുക്ക് വഴിയാണ് പരിചയത്തിലായതെന്ന് പോലീസ് പറഞ്ഞു. മൂന്നുമാസം മുമ്പ് വൃക്ക വാങ്ങാൻ തയ്യാറായ ഒരാളെ കണ്ടെത്തി. തുടർന്ന് വൃക്ക നല്‍കി പണവും വാങ്ങി. വൃക്കവിറ്റ് കിട്ടിയ പണംകൊണ്ട് കുടുംബത്തിന്റെ കഷ്‌ടപ്പാടുകള്‍ മാറുമെന്നും ഭാവിയില്‍ മകളുടെ വിവാഹം നല്ലരീതിയില്‍ നടത്താമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെറെ ധാരണ. എന്നാല്‍, ഇതേസമയം ഭാര്യ കാമുകനൊപ്പം നാടുവിടാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.

ഇരുവരും ഒളിച്ചോടിയതിന് പിന്നാലെ ഭർത്താവ് പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ബരക്ക്പുരിലുണ്ടെന്ന് കണ്ടെത്തി. പിന്നാലെ യുവതിയുടെ ഭർത്താവും പത്തുവയസ്സുള്ള മകളും ഭർതൃമാതാപിതാക്കളും ഇവിടെയെത്തി. എന്നാല്‍, യുവതി ആദ്യം വീടിന് പുറത്തിറങ്ങാനോ സംസാരിക്കാനോ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. ഭർത്താവിന് ചെയ്യാൻ കഴിയുന്നത് ചെയ്യട്ടെ എന്നായിരുന്നു യുവതിയുടെ പ്രതികരണം. വിവാഹമോചന ഹർജി ഫയല്‍ചെയ്യുമെന്ന് യുവതി പറഞ്ഞതായും റിപ്പോർട്ടുകളിലുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 107