10 January, 2025 04:17:34 PM


ബോബി ജയിലില്‍ തന്നെ; ജാമ്യ ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി



കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സർക്കാരിനു മറുപടി പറയാൻ സമയം നൽകണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിയത്. ഇതോടെ ചൊവ്വാഴ്ച വരെ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലില്‍ തുടരേണ്ടിവരും. പൊതുഇടങ്ങളില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടെയെന്ന് ഓര്‍മപ്പെടുത്തിയ കോടതി എന്താണ് ഇത്ര ധൃതിയെന്നും അടിയന്തര പ്രാധാന്യം എന്താണെന്നും ചോദിച്ചു.

പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താന്‍ നിരപരാധിയാണെന്നും ബോബി ചെമ്മണൂര്‍ ഹര്‍ജിയില്‍ പറയുന്നു. 2024 ഓഗസ്റ്റിലാണ്‌ സംഭവം നടന്നത്. സംഭവത്തില്‍ പരാതിയുമായി എത്തുന്നത് ഇപ്പോഴാണ്. അതുവരെ നടിക്ക് പരാതികള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും നല്ല സൗഹൃദത്തിലായിരുന്നെന്നും അത്തരം വീഡിയോകള്‍ നടി തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതായും ജാമ്യഹര്‍ജിയില്‍ പറയുന്നു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്നെ വേട്ടയാടുക ലക്ഷ്യമിട്ടാണ് പരാതി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. അറസ്റ്റ് ചെയ്ത രീതിക്കെതിരെയും ബോബി രംഗത്തുവന്നു. 7 വര്‍ഷത്തില്‍ താഴെമാത്രം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ അറസ്റ്റ് നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതിയുടെ മാര്‍ഗരേഖപോലും പാലിക്കാതെയാണ് പുലര്‍ച്ചെയെത്തി തന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ 30 മണിക്കൂര്‍ ചോദ്യം ചെയ്തതാണ്. കോടതിയില്‍ പൊലീസ് കസ്റ്റഡി അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തില്‍ റിമാന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല. പ്രതി സംസ്ഥാനത്തെ പ്രമുഖ വ്യവസായിയാണ്. ഇവിടെനിന്ന് ഓടിപ്പോകന്ന ആളല്ലെന്നും അന്വേഷണവുമായി സഹകരിക്കുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. പ്രതിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നുമായിരുന്ന ഹര്‍ജിയിലെ ആവശ്യം.

നടി ഹണി റോസിന്റെ പരാതിയില്‍ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തെറ്റുചെയ്തിട്ടില്ലെന്നും വ്യാജ ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നതെന്നുമുള്ള ബോബിയുടെ വാദം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ അഭിരാമി തള്ളി.വിധി കേട്ട ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയ്ക്കുശേഷം വൈകീട്ട് 7.10-ഓടെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K