09 December, 2024 09:19:20 AM
ഡൽഹിയിലെ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി
ഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആര്‍കെ പുരത്തെ ഡിപിഎസ് സ്‌കൂളിനും പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂളിനും ആണ് സന്ദേശം ലഭിച്ചത്. രാവിലെ 6.15നാണ് സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ രണ്ടു സ്‌കൂളുകളും കുട്ടികളെ തിരികെ അയച്ചു.
രോഹിണിയുടെ വെങ്കിടേശ്വര്‍ ഗ്ലോബല്‍ സ്‌കൂളിന് ഇമെയില്‍ വഴി ബോംബ് ഭീഷണി വന്ന് ഒരാഴ്ച്ച കഴിഞ്ഞ ശേഷമാണ് വീണ്ടും സ്‌കൂകളുകള്‍ക്ക് ബോംബ് ഭീഷണി എത്തിയത്. കഴിഞ്ഞമാസം ഡല്‍ഹി പ്രശാന്ത് വിഹാറില്‍ തീയറ്ററിന് മുന്നില്‍ സ്‌ഫോടനം നടന്നിരുന്നു. പി വി ആര്‍ സിനിമാ തീയറ്ററിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഒക്ടോബര്‍ 20ന് സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. രണ്ടു സ്‌ഫോടക വസ്തുക്കളും സ്ഥാപിച്ചത് മതിലിനോട് ചേര്‍ന്നാണ്. സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ മതില്‍ തകര്‍ന്നെങ്കിലും ആളാപായമില്ലായിരുന്നു.