06 December, 2024 12:11:34 PM


കോൺഗ്രസ് വിട്ട എ കെ ഷാനിബ് ഡിവൈഎഫ്‌ഐയിലേയ്ക്ക്



പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പിഎസ് സരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് ഇടതുപക്ഷത്തേക്ക്. ഡിവൈഎഫ്‌ഐ അംഗത്വം സ്വീകരിക്കുന്നതിനായി ഷാനിബ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി ഓഫീസിലെത്തി. ഉച്ചയ്ക്ക് ശേഷം തന്റെ രാഷ്ട്രീയ നിലപാട് മാധ്യമങ്ങളെ അറിയിക്കുമെന്ന് ഷാനിബ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ഷാഫി പറമ്പിലില്‍ എംപിയുടെയും പ്രവര്‍ത്ത ശൈലിയെ വിമര്‍ശിച്ചായിരുന്നു ഷാനിബ് യൂത്ത് കോണ്‍ഗ്രസ് വിട്ടത്. തുറന്നുപറച്ചിലിന്റെ പേരില്‍ താന്‍ കോണ്‍ഗ്രസ് വിടില്ലെന്നും ഷാനിബ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷവും പാര്‍ട്ടി ഒരുകൂടിയാലോചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വിടുന്നതെന്ന് ഷാനിബ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തോടെ താന്‍ പറഞ്ഞ പരാതികളെല്ലാം അസ്ഥാനത്താണ് എന്ന നിലയിലാണ് കോണ്‍ഗ്രസ് നേതൃത്വം എത്തിയത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസുകാരനായി നില്‍ക്കുന്നത് മതേതരകേരളത്തോട് കാണിക്കുന്ന അനീതിയാണെന്ന് തിരിച്ചറിയുന്നുവെന്ന് ഷാനിബ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ആര്‍എസ്എസിന്റെ ആലയില്‍ കെട്ടാന്‍ ശ്രമിക്കുന്ന വിഡി സതീശന്റെ നിലപാടിനെതിരെയാണ് താന്‍ രംഗത്ത് എത്തിയത്. എന്നാല്‍ സതീശനെതിരെ പറഞ്ഞ പരാമര്‍ശം പിന്‍വലിച്ചാല്‍ ചര്‍ച്ച നടത്താമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അറിയിച്ചു. തീവ്രഹിന്ദു നിലപാട് സ്വീകരിച്ചവരെ പോലും ഒരുതിരത്തലുമില്ലാതെ കോണ്‍ഗ്രസ് ഓഫിസിലെത്തുന്നതാണ് പിന്നീട് കണ്ടെത്. ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകൂമാറിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച സന്ദീപ് വാര്യര്‍ പിറ്റേദിവസം കോണ്‍ഗ്രസില്‍ എത്തുന്നതാണ് കണ്ടത്. യാതൊരു മറയുമില്ലാതെയാണ് എസ്ഡിപിഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷവമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനമെന്ന് ഷാനിബ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K