29 November, 2024 11:34:19 AM
പറവ ഫിലിംസിന്‍റെ സാമ്പത്തിക ഇടപാടുകൾ; സൗബിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേക്കും
കൊച്ചി:പറവ ഫിലിംസ് ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ നടൻ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേക്കുമെന്ന് വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നാണ് വിവരം.പറവ ഫിലിംസില്‍ 60 കോടിയുടെ നികുതിവെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍.
പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള പരിശോധന ഇന്നലെ രാത്രി 11 മണി വരെ നീണ്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്.
നേരത്തെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ നിര്‍മാതാക്കളായ സൗബിനെതിരേയടക്കം ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു പരാതി.
7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവർ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാൽ 18.65 കോടി മാത്രമായിരുന്നു നിർമാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നും നിർമാതാക്കൾ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിർമാതാക്കൾ പരാതിക്കാരന് പണം തിരികെ നൽകിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
40 % ലാഭവിഹിതമാണ് പരാതിക്കാരന് നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നൽകിയില്ല. ഇക്കാര്യം ബാങ്ക് രേഖകളിൽനിന്ന് വ്യക്തമായെന്നും റിപ്പോർട്ടിൽ പറയുന്നു. തനിക്ക് ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജ് പറയുന്നത്.