09 November, 2024 06:48:49 PM
ഏറ്റുമാനൂരില്‍ 800ലധികം കാസറ്റുകളുടെ ശേഖരവുമായി ഹോട്ടൽ ജീവനക്കാരൻ
ഏറ്റുമാനൂർ: പഞ്ചേന്ദ്രിയങ്ങളിൽ മാരിവില്ലിൻ ശോഭ വിരിയിച്ച് ആയിരകണക്കിന് ഗാനങ്ങളും കഥാപ്രസംഗവും ചലച്ചിത്ര ശബ്ദരേഖയും ഒക്കെയായി ഒരുകാലത്ത് നാട് അടക്കിവാണിരുന്ന കോംപാക്ട് കാസറ്റുകളുടെ വൻ ശേഖരവുമായി ഒരു ഹോട്ടൽ ജീവനക്കാരൻ. ഏറ്റുമാനൂർ കാരൂർ തുണ്ടത്തിൽ സതീഷ് കുമാർ എന്ന 64 കാരനാണ് 800ലധികം കാസറ്റുകളുടെ ശേഖരവുമായി വിസ്മയമൊരുക്കുന്നത്. പഴയകാല കാസറ്റിനുശേഷം കാലം സിഡിയും പെന്‍ഡ്രൈവും പരീക്ഷിച്ച് ഇപ്പോള്‍ മൊബൈല്‍ ഫോണിലേക്കും മറ്റും കടന്നെങ്കിലും സതീശ് തന്‍റെ സന്തോഷം കണ്ടെത്തുന്നത് തന്‍റെ ടേപ്പ് റിക്കാര്‍ഡറിലൂടെ.
ഏറ്റുമാനൂർ പാലാ റോഡിൽ റയാൻ ടീ ഷോപ്പിൽ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും കയറിയിറങ്ങുന്ന ഏവരുടെയും കാതുകളിലേക്ക് ഒഴുകിയെത്തുക വയലാർ, മുഹമ്മദ് റാഫി, യേശുദാസ്, മാധുരി, എസ് ജാനകി, എസ് പി ബാലസുബ്രഹ്മണ്യം, പി സുശീല തുടങ്ങിയ പ്രഗത്ഭരുടെ പഴയ കാല ഗാനങ്ങൾ മാത്രം. അമ്പതിലധികം കാസറ്റുകള്‍ ഇപ്പോള്‍ കടയില്‍ വെച്ചിട്ടുണ്ട്. ഇവ പാടി തീരുന്നതനുസരിച്ച് വീട്ടിലെ ശേഖരത്തില്‍നിന്ന് കടയിലേക്ക് കൊണ്ടുവരികയാണ് പതിവ്. സംഗീതവും സിനിമയും എല്ലാം ഒരു വിരൽത്തുമ്പിൽ ആസ്വദിക്കാൻ കഴിയുന്ന ഈ ഡിജിറ്റൽ യുഗത്തിലാണ് 40 വർഷം മുൻപുള്ള കാസറ്റുകൾ ഒരു നിധി പോലെ സതീഷ് സൂക്ഷിക്കുന്നത്. 1967 മുതൽ 2000 വരെയുള്ള 99% ഗാനങ്ങളും സതീഷിന്‍റെ ശേഖരത്തിൽ ഉണ്ട്.
ചായക്കടയിലെ ഭിത്തിയിൽ ഒരു സ്വിച്ച് ബോര്‍ഡിന്‍റെ മുകളിലായി കെട്ടിനിർത്തിയിരിക്കുന്ന പഴയ നാഷണൽ പാനാസോണിക് ടേപ്പ് റെക്കോർഡറിൽ നിന്നും ഇടതടവില്ലാതെ പഴയ ഗാനങ്ങൾ ശ്രവിക്കാനാവും. വളരെ കരുതലോടെയാണ് കാസറ്റുകള്‍ ഓരോന്നും സതീഷ് ഉപയോഗിക്കുന്നത്. ഓരോ കാസറ്റും ഓടി തീർന്ന പിന്നാലെ ടേപ്പ് റെക്കോർഡറിന്‍റെ ഹെഡ് ക്ലീൻ ചെയ്യും. അതുകൊണ്ട് തന്നെയാണ് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അല്‍പം പോലും പൂപ്പൽ പിടിക്കാതെ കാസറ്റുകൾ സൂക്ഷിക്കാൻ പറ്റുന്നതെന്ന് സതീഷ് പറയുന്നു. സതീഷിന്‍റെ ടേപ്പ് റെക്കോർഡറിലൂടെ തന്‍റെ കടയിലെത്തുന്ന കസ്റ്റമേഴ്സിന് പഴയ കാല ഗാനങ്ങൾ ആസ്വദിക്കാൻ കഴിയുന്നതില്‍ ഉടമ റോബിനും ഏറെ സന്തോഷവാനാണ്.