03 October, 2024 05:49:08 PM


നാട്ടകം കുടിവെള്ള പദ്ധതിയുടെ തടസ്സങ്ങൾ പരിഹരിക്കപ്പെടുന്നു



നാട്ടകം: നാട്ടകം കുടിവെള്ള പദ്ധതിയുടെ തടസ്സങ്ങൾ പരിഹരിക്കപ്പെടുന്നു. റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി അനുമതി നൽകാത്തതിനെ തുടർന്ന് നിർമ്മാണം തടസ്സപ്പെട്ട നാട്ടകം കുടിവെള്ള പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്  ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ എന്നിവർ മന്ത്രി നിധിൻ ഗഡ്ഗരിക്ക് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര മന്തിയുടെ പ്രതിനിധിയായി കോട്ടയത്ത് എത്തിയ എസ്.കെ. പാണ്ടെ മോർത്ത് റീജണൽ ഓഫീസർ വി.ജെ ചന്ദ്രഗോറെ മോർത്ത് സൂപ്രണ്ടിങ്ങ് എൻജിനീയർ ബി.റ്റി.ശ്രീധർ,വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ദിലീപ് ഗോപാൽ,പി ഡബ്ലു ഡി നാഷണൽ ഹൈവേ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ രാകേഷ് .സി എന്നിവർ പൈപ്പുകൾ സ്ഥാപിക്കേണ്ട റോഡുകൾ പരിശോധിക്കുകയും അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവരുമായി ചർച്ച നടത്തുകയും ചെയ്തു.

നാട്ടകം കുടിവെള്ള പദ്ധതി സംബന്ധിച്ച് പൈപ്പ് സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ട കാര്യങ്ങളും ചർച്ചയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങളും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കൈമാറുമെന്നും തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നും മന്ത്രിയുടെ പ്രതിനിധി ആർ.കെ. പാണ്ടെ ഉറപ്പ് നൽകി.

 കുടിവെള്ള പദ്ധതി എത്രയും വേഗം പൂർത്തീകരിക്കുവാൻ ആവശ്യമായ തീരുമാനങ്ങൾ ഉടനടി സ്വീകരിക്കുമെന്ന് നാഷണൽ ഹൈവേ അധികാരികൾ ഉറപ്പ് നൽകയതായി ഫ്രാൻസിസ് ജോർജ് എം.പിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും പറഞ്ഞു.  അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മാരായ സുര.എ.എസ്, ഏബിൾ മോൻ, ബാസ്റ്റിൻ, അരവിന്ദ് കെ.എം,മുൻസിപ്പൽ കൗൺസിലർമാരായ എൻ.ജയചന്ദ്രൻ, കെ. ശങ്കരൻ,ഷീനാ ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ, എ. കെ. ജോസഫ്, എസ് രാജീവ്, ജോൺ ചാണ്ടി, ഷീനാ ബിനു ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു

കോട്ടയം നഗരസഭയിലെ നാട്ടകം പ്രദേശത്തെ 30 മുതൽ 44 വരെയുള്ള 15 വാർഡുകളിലെ ആറായിരത്തോളം വീടുകളിൽ  കുടിവെള്ളം എത്തിക്കുന്നതിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുൻകൈ എടുത്ത് 2016 ൽ ആരംഭിച്ചതാണ് നാട്ടകം കുടിവെള്ള പദ്ധതി. കിഫ്ബി പദ്ധതി പ്രകാരമുള്ള 21 കോടി രൂപയുടെ പദ്ധതി ആയിരുന്നു ഇത്. ആദ്യഘട്ടത്തിൽ 12 കോടി ചെലവ് ചെയ്ത് വെള്ളൂപ്പറമ്പ് പമ്പിങ്ങ് സ്റ്റേഷൻ മുതൽ സംസ്ഥാന ജില്ലാ റോഡുകളുടെ അതിർത്തിവരെ പൈപ്പുകൾ സ്ഥാപിച്ചും മറിയപള്ളി ഓവർഹെഡ് ടാങ്കിൻ്റെ  ക്ഷമത 7 ലക്ഷം ലിറ്ററിൽ നിന്നും 13 ലക്ഷം ലിറ്റർ ആയി ഉയത്തിയും 90 ശതമാനം പണികൾ പൂർത്തിയാക്കി.

2020 മുതൽ കോട്ടയം കളക്ട്രേറ്റ് മുതൽ കഞ്ഞിക്കുഴി, മണിപ്പുഴ മുതൽ മറിയപള്ളി ,മറിയ പള്ളി മുതൽ കോടിമത എന്നിങ്ങനെയുള്ള 4 കിലോ മീറ്റർ നീളം പൈപ്പ് ഇടാൻ ദേശിയ പാത അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും അനുമതി നൽകിയില്ല. മറ്റ് പണികൾ പൂർത്തീകരിച്ചതിനു ശേഷം 2022 ൽ അനുമതി നൽകാൻ ആവശ്യപ്പെട്ടങ്കിലും ദേശീയപാത അധികൃതർ അനുമതി നൽകിയില്ല.ഇതിനെ തുടർന്ന് പദ്ധതി പൂർണ്ണമായും മുടങ്ങി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യും, കേരളാ വാട്ടർ അതോറിറ്റിയും കോട്ടയം നഗരസഭയും, ആക്ഷൻ കൗൺസിലും നിരന്തരം ഇക്കാര്യത്തിൽ ഇടപെട്ടെങ്കിലും അനുമതി നൽകിയിരുന്നില്ല. ഇതേ തുടർന്ന് എം.എൽ.എ യുടെയും ആക്ഷൻ കൗൺസിലിൻ്റെയും ആവശ്യപ്രകാരമാണ് ഫ്രാൻസിസ് ജോർജ് എം.പി. കേന്ദ്രമന്തിയുമായി കൂടിക്കാഴ്ച നേരത്തെ കൂടി കാഴ്ച നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928