12 September, 2024 07:59:49 PM


കേരളത്തിന് ചരിത്ര നേട്ടം; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു



തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു. ലോകത്തു തന്നെ ഈ രോഗം പിടിപെട്ടതില്‍ ആകെ രോഗമുക്തി നേടിയത് 25 പേര്‍ മാത്രമാണ്. ഇതില്‍ 14 പേരും കേരളത്തില്‍ നിന്നുള്ളവരാണെന്നതില്‍ ആരോഗ്യ മേഖലയ്ക്ക് ചരിത്ര നേട്ടമാണിത്.

ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. എന്നാല്‍ കേരളത്തിലെ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളജിലേയും ആരോഗ്യവകുപ്പിലെയും മുഴുവന്‍ ടീമിനേയും മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാന്‍ കഴിഞ്ഞത്. തിരുവനന്തപുരത്ത് മരണമടഞ്ഞയാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്ന് പ്രതിരോധവും ചികിത്സയും ഏകോപിപ്പിച്ചിരുന്നു. ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പ്രത്യേക എസ്ഒപി. തയ്യാറാക്കിയാണ് തുടര്‍ ചികിത്സ ഉറപ്പാക്കിയത്.

അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പല ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐ.സി.എം.ആര്‍., ഐ.എ.വി., പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K