09 August, 2024 07:45:18 PM


'ആശാധാര' കോട്ടയത്തും: 18ൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും ഹീമോഫീലിയ മരുന്ന് സൗജന്യം

- ഓഗസ്റ്റ് 10 മുതൽ ജില്ലയിലെ രോഗികൾക്ക് കോട്ടയം ജനറൽ ആശുപത്രിയിലെ ഹീമോഫീലിയ ഡേ കെയർ സെന്ററിൽ നിന്ന് സേവനം ലഭിക്കും



കോട്ടയം: ഹീമോഫീലിയ ചികിത്സ തേടുന്ന 18 വയസിൽ താഴെയുള്ള കോട്ടയം ജില്ലയിലെ മുഴുവൻ കുട്ടികൾക്കും 'എമിസിസുമാബ്' എന്ന വില കൂടിയ മരുന്ന് സർക്കാർ സൗജന്യമായി നൽകുന്നു. ആരോഗ്യവകുപ്പിന്റെ ആശാധാര പദ്ധതിയിലൂടെയാണ് മരുന്ന് വിതരണം സാധ്യമാകുന്നത്. നിലവിൽ ജില്ലയിൽ 96 രോഗികളാണ് ഹീമോഫീലിയ ചികിത്സ നേടുന്നത്. അതിൽ 18 വയസിൽ താഴെ പ്രോഫിലാക്‌സിസ് (പ്രതിരോധ ചികിത്സ) എടുക്കുന്നത് 14 പേരാണ്. ഫാക്ട് 8-ൽ ഉൾപ്പെടുന്ന 18 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് എമിസിസുമാബ് മരുന്ന് നൽകുന്നത്.

ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഹീമോഫീലിയ ഡേ കെയർ സെന്ററാണ് ചികിത്സ നൽകുന്നത്. ഞരമ്പിലൂടെ ആഴ്ചയിൽ രണ്ടു തവണ ചെയ്യുന്ന ഇൻജക്ഷന് പകരം മാസത്തിൽ ഒരു തവണ മതി എന്നതാണ് എമിസിസുമാബ് മരുന്നിന്റെ പ്രത്യേകത. ആദ്യമാസത്തിൽ നാല് ആഴ്ചയിലായി നാലു ഡോസ് എടുക്കേണ്ടതുണ്ട്. തുടർന്ന് മാസത്തിൽ ഒരു ഡോസ് എന്ന രീതിയിലാണ് ക്രമീകരണം. 30, 60, 105, 150, 180 മില്ലിഗ്രാം എന്ന കണക്കിൽ ഓരോരുത്തരുടെയും തൂക്കം അനുസരിച്ചാണ് മരുന്നു നൽകുന്നത്. ഇതിന്റെ ചിലവ് ഏകദേശം 58,000 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെയാണ്. ഓഗസ്റ്റ് 10 മുതൽ കോട്ടയം ജില്ലയിലെ രോഗികൾക്ക് ഈ സേവനം കോട്ടയം ജനറൽ ആശുപത്രിയിലെ ഹീമോഫീലിയ ഡേ കെയർ സെന്ററിൽ നിന്ന് ലഭിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K