01 August, 2024 01:26:12 PM


ധീരജും സഹോദരിമാരും സുരക്ഷിതർ; ഇനിയെങ്കിലും ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുത്



മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചെളിയിൽ പുതഞ്ഞ് നിൽക്കുന്ന സഹോദരങ്ങളുടെ ഫ്രെയിം ചെയ്ത ഫോട്ടോയായിരുന്നു ദേശീയമാധ്യമങ്ങളിൽ അടക്കം മുണ്ടെക്കൈ ഉരുൾപൊട്ടലിന്റേതായി വൈറലായത്. മലവെള്ളം ഈ സഹോദരങ്ങളേയും കവർന്നെടുത്തുവെന്ന നിലയിലാണ് ചിത്രം വൈറലായത്. എന്നാൽ ചിത്രത്തിലുള്ള മൂന്ന് സഹോദരങ്ങളും സുരക്ഷിതരാണ്. 

സുജിഷ നിവാസിൽ ധീരജിന്റേയും സഹോദരിമാരുടേയും ചിത്രമാണ് ഇത്തരത്തിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്. എന്നാൽ ദുരന്തത്തിൽ ധീരജും സഹോദരിമാരും സുരക്ഷിതരെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ധീരജും അമ്മ സുമിഷയും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാപിലാണുള്ളത്. ധീരജിന്റെ സഹോദരിയുടെ വിവാഹത്തിന് എടുത്ത ചിത്രമാണ് മലവെള്ളപ്പാച്ചിലിൽ ചെളിയിൽ പുതഞ്ഞ നിലയിൽ ഇവരുടെ വീടിരുന്ന ഭാഗത്ത് കണ്ടെത്തിയത്.  പ്രദേശത്ത് മലവെള്ളം കൊണ്ടുപോകാത്ത ചുരുക്കം ചില വീടുകളിലൊന്നാണ് ധീരജിന്റേത്. വീടിനകത്തുള്ളതെല്ലാം വെള്ളം കൊണ്ടുപോയി, പൂർണമായും ചെളിയും മണ്ണും കയറിയെങ്കിലും വീട് നശിച്ച് പോയിട്ടില്ല.  

സുമിഷയുടെ മൂത്തമകൾ ഭർതൃവീട്ടിലും ഇളയ മകൾ തിരുവനന്തപുരത്ത് പഠിക്കുകയുമാണ്. ഉരുൾപൊട്ടുന്ന വലിയ ശബ്ദം കേട്ട് ജീവനും കൊണ്ട് ഓടുന്നതിനിടയിൽ ധീരജിന്റെ ഫോൺ നിലത്ത് വീണ് കേടായിരുന്നു. ഇതോടെ ഇവരും ദുരന്തത്തിൽ ഉൾപ്പെട്ട് പോയോയെന്ന ആശങ്കയിലായിരുന്നു ബന്ധുക്കൾ. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലാണ് ഇവരുടെ വീട്ടിൽ ചെളിയിൽ പുതഞ്ഞ നിലയിലുള്ള ചിത്രം വൈറലായത്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K