29 July, 2024 07:04:59 PM
കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലുവയസുകാരന്‍റെ പരിശോധനാ ഫലമാണ് പോണ്ടിച്ചേരി വൈറോളജി ലാബില്‍ നിന്നും വന്നത്. നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്ച ജ്വരം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാലു ദിവസം മുമ്പ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
അതേസമയം, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന കുട്ടി രോഗമുക്തനായി വീട്ടിലേക്ക് മടങ്ങി, ഈ അധ്യയന വർഷത്തിൽ ഇതു വരെ സ്‌കൂളിൽ പോകാൻ അജ്സലിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസങ്ങളിൽ കേരളം മുഴുവൻ അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ) എന്ന അത്യധികം ഗുരുതരമായ രോഗത്തെപ്പറ്റി ചർച്ചചെയ്യുമ്പോൾ അതേ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ തൃശൂരിലും കൊച്ചിയിലുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു തൃശൂർ വെങ്കിടങ് പാടൂർ സ്വദേശിയായ ഈ 12 വയസ്സുകാരൻ.