26 July, 2024 08:59:57 AM


കോഴിക്കോട് മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു



കോഴിക്കോട്: കോഴിക്കോട് ചികിത്സയിലുള്ള മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പുതുച്ചേരി ലാബില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. രോഗലക്ഷണങ്ങളോടെ മറ്റൊരു കുട്ടിയും ചികിത്സയിൽ കഴിയുന്നുണ്ട്.

വെള്ളച്ചാട്ടത്തിൽ കുളിച്ച കുട്ടിക്ക് പനി പിടിക്കുകയായിരുന്നു. തുടർന്ന് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണം കാണിച്ചതോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തി. പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും കുടുംബം സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പുതുച്ചേരി ലാബിലേക്ക് സാംപിൾ പരിശോധനക്ക് അയച്ചത്.

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K