19 July, 2024 09:31:58 AM


ഗുണ്ടയെ കൊന്ന് ജാമ്യത്തിലിറങ്ങി മുങ്ങി: 19 വർഷങ്ങൾക്കുശേഷം കന്നഡ സംവിധായകൻ അറസ്റ്റില്‍



ബം​ഗളൂരു: കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കന്നഡ സിനിമ സംവിധായകൻ എം.​ഗജേന്ദ്ര (46) 19 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് ബുധനാഴ്ചയാണ് ഗജേന്ദ്രയെ അറസ്റ്റ് ചെയ്തത്. 2004 ൽ ​ഗുണ്ടയായ കൊട്ട രവിയെന്നയാളെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളിൽ ഒരാളാണ് എം.ഗജേന്ദ്ര.

ഒരു വർഷം വിചാരണ തടവുകാരനായി കഴിഞ്ഞ ഗജേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം പൊലീസിന്‍റെ സമൻസുകള്‍ക്കോ നോട്ടീസുകള്‍ക്കോ ഇയാൾ മറുപടി നൽകിയിരുന്നില്ല. 2008 ൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഗജേന്ദ്ര ഒളിവിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. 2019ൽ ഇയാൾ പുട്ടാനി പവർ എന്ന കന്നഡ ചിത്രം സംവിധാനം ചെയ്തതായി പൊലീസ് പറയുന്നു.

ഗജേന്ദ്ര പലപ്പോഴും ബംഗളൂരു സന്ദർശിക്കുകയും കന്നഡ സിനിമയിൽ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. നഗരത്തിൽ ഗജേന്ദ്രക്ക് ഒരു വീടുമുണ്ട്. അടുത്തിടെ കെട്ടിക്കിടക്കുന്ന കേസുകൾ പരിശോധിക്കുന്നതിനിടയിലാണ് കൊലപാതകത്തിൽ ഗജേന്ദ്രയുടെ പങ്ക് കണ്ടെത്തുന്നത്. തുടർന്ന് ബംഗളൂരുവിലെ പുതിയ വീട്ടിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K