15 June, 2024 07:19:30 AM
കുവൈത്ത് ദുരന്തം: ചികിത്സയില്‍ തുടരുന്ന മലയാളികൾ അപകടനില തരണം ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്ത് ദുരന്തത്തില്‍ ചികിത്സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് ആശ്വാസമാകുന്നത്.
പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളില്‍ 13 പേരും നിലവില്‍ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഇവർ ആരുടെയും നില ഗുരുതരമല്ല. ഒരാള്‍ മാത്രമാണ് ഐസിയുവില്‍ തുടരുന്നത്. അല്‍ അദാൻ, മുബാറക് അല്‍ കബീർ, അല്‍ ജാബർ, ജഹ്‍റ ഹോസ്പിറ്റല്‍, ഫർവാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായി മൊത്തം 31 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്.
കുവൈത്തില്‍ ചികിത്സയിലുള്ള മലയാളികള്‍
1.സുരേഷ് കുമാർ നാരായണൻ - ഐസിയു - അല്‍ ജാബർ ഹോസ്പിറ്റല്‍
2.നളിനാക്ഷൻ - വാർഡ്
3.സബീർ പണിക്കശേരി അമീർ - വാർഡ്
4.അലക്സ് ജേക്കബ് വണ്ടാനത്തുവയലില്‍ -വാർഡ്
5.ജോയല്‍ ചക്കാലയില്‍ - വാർഡ്
6.തോമസ് ചാക്കോ ജോസഫ് - വാർഡ്
7.അനന്ദു വിക്രമൻ - വാർഡ്
8.അനില്‍ കുമാർ കൃഷ്ണസദനം - വാർഡ്
9.റോജൻ മടയില്‍ - വാർഡ്
10.ഫൈസല്‍ മുഹമ്മദ് - വാർഡ്
11.ഗോപു പുതുക്കേരില്‍ - വാർഡ്
12.റെജി ഐസക്ക്- വാർഡ്
13.അനില്‍ മത്തായി- വാർഡ്
14.ശരത് മേപ്പറമ്ബില്‍ - വാർഡ്
ഇതിനിടെ, കുവൈത്ത് ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ 12 പേര്‍ക്കാണ് ജന്മനാട് വിട നല്‍കിയത്. കുവൈത്ത് ദുരന്തത്തില്‍ മരിച്ച കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിൻ്റെയും വിളച്ചിക്കാല സ്വദേശി ലൂക്കോസിന്‍റെയും സംസ്കാരം ഇന്ന് നടക്കും. സാജന്‍റെ സംസ്കാരം നരിക്കല്‍ മാർത്തോമാ ചർച്ച് സെമിത്തേരിയിലും ലൂക്കോസിന്‍റെ സംസ്കാരം വിളച്ചിക്കാല ഐപിസി സെമിത്തേരിയിലുമാണ്.
മൃതദേഹങ്ങള്‍ ഇന്നലെ നാട്ടില്‍ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ ചടങ്ങുകള്‍ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു.മൃതദേഹങ്ങള്‍ നിലവില്‍ മോർച്ചറിയിലാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്‍റെയും കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്‍റെയും സംസ്കാരവും ഇന്ന് നടക്കും.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന അനീഷ് കുമാറിന്‍റെ മൃതദേഹം രാവിലെ എട്ട് മണിയോടെ നാട്ടിലേക്ക് കൊണ്ടുവരും. കുറുവയിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുവരും. പതിനൊന്ന് വർഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന അനീഷ് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. കഴിഞ്ഞ മാസം പതിനറിനാണ് നാട്ടില്‍ നിന്ന് തിരിച്ചുപോയത്. കുവൈത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ സൂപ്പര്‍വൈസറായിരുന്നു. ഭാര്യയും രണ്ട് ആണ്‍കുട്ടികളുമുണ്ട്.