02 March, 2024 05:04:42 PM
കോട്ടയം ദന്തൽ കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് റിസർച്ച് ബ്ലോക്ക് ഉദ്ഘാടനം നാളെ
കോട്ടയം: കോട്ടയം സർക്കാർ ദന്തൽ കോളജിൽ പുതുതായി നിർമ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് റിസർച്ച് ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നാളെ രണ്ട് മണിക്ക് നിർവഹിക്കും. ദന്തൽ കോളജിന് സമീപമുള്ള മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ തുറമുഖ-സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, തോമസ് ചാഴികാടൻ എം.പി. എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 16.5 കോടി രൂപ ചെലവഴിച്ചാണ് ലോക നിലവാരത്തിലുള്ള അത്യാധുനിക ദന്താരോഗ്യ വിദ്യാഭ്യാസത്തിനുതകുന്ന നൂതന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്.
പ്രിൻസിപ്പൽ ഓഫീസ്, പ്രീ ക്ലിനിക്കൽ ലാബുകൾ, ലൈബ്രറി, ഓഡിറ്റോറിയം എന്നിവ ഈ കെട്ടിടത്തിൽ പ്രവർത്തനസജ്ജമാണ്. സ്‌കിൽ ലാബ്, റിസർച്ച് ലാബ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ സർക്കാർ ദന്തൽ കോളജിലെ ആദ്യത്തെ സ്‌കിൽ ലാബാണ് ഇവിടെ പ്രവർത്തനം ആരംഭിക്കുന്നത് .
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം സാബു മാത്യു, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യു, ദന്തൽ കോളജ് പ്രിൻസിപ്പൽ ഡോ. ജി.സുജ അനി, ആരോഗ്യസർവകലാശാല പരീക്ഷാകൺട്രോളർ ഡോ. എസ്. അനിൽ കുമാർ, കേരള ദന്തൽ കൗൺസിൽ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ്, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. എസ്.ശങ്കർ, ഗവൺമെന്റ് നഴ്സിങ്ങ് കോളജ് പ്രിൻസിപ്പൽ ഡോ. വി. കെ. ഉഷ, ,ഐ.സി.എച്ച് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, ദന്തൽ കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ. എസ്. മോഹൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ,പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, ദന്തൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കെ. ജോർജ് വർഗീസ്, പി.ടി.എ. പ്രസിഡന്റ് സാം വർഗീസ് എന്നിവർ പങ്കെടുക്കും.