28 February, 2024 07:53:24 PM
ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒ.പി., അത്യാഹിതവിഭാഗം കെട്ടിടം നാടിനു സമർപ്പിച്ചു
ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളേജ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമാണം പൂർത്തിയായ പുതിയ ഒ.പി, അത്യാഹിത വിഭാഗം ബ്ലോക്കിന്‍റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. ദേശീയ ആരോഗ്യദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി 2.78 കോടി രൂപ ചെലവിട്ടു പൂർത്തിയാക്കിയ കുടുംബാരോഗ്യകേന്ദ്രം രോഗീസൗഹൃദവും ജനസൗഹൃദവമായി മാറിയെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.
ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ സഹകരണ-തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരുന്നു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആരോഗ്യപരിപാലരംഗം സംസ്ഥാനം ഉറ്റുനോക്കുന്ന രീതിയിലാണ് മാറിക്കൊണ്ടിരിക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തിൽ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഭാവിയിലേയ്ക്കുള്ള വികസനസാധ്യതകൾ കൂടി കണ്ടുകൊണ്ടാണ് കെട്ടിടം രൂപപ്പെടുത്തിട്ടുള്ളതെന്നും ഡയാലിസിസ് സെന്റർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി മെഡിക്കൽ കോളജിനെ ആശ്രയിക്കാതെ തന്നെ ഏറ്റുമാനൂരിലും പരിസരങ്ങളിലുമുള്ളവർക്ക് ഫലപ്രദമാകുന്ന രീതിയിൽ ആശുപത്രിയെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിലെത്തുന്നവരുടെ സഞ്ചാരം സൗകര്യപ്രദമാക്കുന്നതിനുള്ള അടിപ്പാതയുടെ ടെൻഡർ നടപടി പൂർത്തിയായി എന്നും നിർമാണപ്രവർത്തനങ്ങൾ അടുത്താഴ്ച ആരംഭിക്കാനാകുമെന്നാണു കരുതുന്നതെന്നും മന്ത്രി ചടങ്ങിൽ അറിയിച്ചു.
9888 ചതുരശ്രഅടിയിൽ രണ്ടു നിലകളിലായാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണം. താഴത്തെ നിലയിൽ നാല് ഒ.പി കേന്ദ്രം, അത്യാഹിത വിഭാഗം, മൈനർ ഒ.ടി , ഡ്രസ്സിങ് റൂം, നഴ്സിംഗ് സ്റ്റേഷൻ, കുത്തിവെപ്പ് മുറി, നെബുലൈസേഷൻ മുറി, ശൗചാലയം, ഭിന്നശേഷിക്കാർക്കായിപ്രത്യേകം സജ്ജീകരിച്ച ശൗചാലയങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. രണ്ടാം നിലയിൽ ഹൗസ് സർജന്മാരുടെ ഡ്യൂട്ടി മുറി, ലോബി ഹാൾ, ഇ- ഹെൽത്ത് റും എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നാല് ഡോക്ടർമാരുടെ സേവനം ആരോഗ്യകേന്ദ്രത്തിൽ ലഭ്യമാണ്. ഒ.പി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ പ്രവർത്തിക്കും.
ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി ആയി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം ബിന്നു, ബ്ളോക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കവിതാമോൾ ലാലു, നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന ഷാജി, ബ്ളോക് പഞ്ചായത്ത് അംഗം എസ്സി തോമസ്, നഗരസഭാംഗങ്ങളായ ഇ.എസ് ബിജു, രശ്മി ശ്യാം, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് പി.എൻ വിദ്യാധരൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, കോട്ടയം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ വർഗീസ് പി.പുന്നൂസ്, കോട്ടയം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ് , കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അഞ്ജു സി.മാത്യു എന്നിവർ പങ്കെടുത്തു.