15 December, 2023 07:40:23 PM
കേരളത്തിലും ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു: വാക്സിനുകള്‍ ഫലപ്രദമെന്ന് വിദഗ്ധര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദമായ ജെഎന്‍1 സാന്നിധ്യം കണ്ടെത്തിയതില്‍ പ്രതികരണവുമായി വിദഗ്ദ്ധര്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിലുള്ള നിരീക്ഷണം തുടര്‍ന്നാല്‍ മതിയെന്നുമാണ് ഇവരുടെ അഭിപ്രായം.
ഇന്ത്യന്‍ സാര്‍സ് കോവ് 2 ജെനോമിക്സ് കണ്‍സോര്‍ഷ്യം (ഇന്‍സാകോഗ്) ആണ് സംസ്ഥാനത്ത് ജെഎന്‍1ന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്.ഒമിക്രോണ്‍ വകഭേദമായ ബിഎ 2.86ന്‍റെ ഉപഭേദമാണ് ജെഎന്‍1. ഇതാണ് കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമെന്ന് ഇന്‍സാകോഗ് ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റില്‍ ലക്സംബര്‍ഗിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്.
നവംബറില്‍ അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) ജെഎന്‍1ന്‍റെ വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രതിരോധ സംവിധാനത്തെ തകരാറിലാക്കാന്‍ കെല്‍പ്പുള്ള വൈറസാണിതെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഇതിന് പുറമെ വ്യാപന ശേഷിയും കൂടുതലാണ്. ജെ എന്‍ വണ്‍ എന്നത് ഒമിക്രോണിന്‍റെ പുതിയ വകഭേദമല്ല.പക്ഷേ ഇന്ത്യയില്‍ ഇതിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത് ആദ്യമാണെന്ന് മാത്രം. ആഗോളതലത്തില്‍ 38 രാജ്യങ്ങളില്‍ ഇതിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടന്‍, പോര്‍ച്ചുഗല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഇതേറെയും.
മൂക്കൊലിപ്പ്, ചുമ, ജലദോഷം, ശ്വാസം മുട്ട് എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. എന്നാല്‍ ഇതുവരെ രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കേണ്ടി വരികയോ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടി വരികയോ ചെയ്തിട്ടില്ല. വെന്‍റിലേറ്ററിന്‍റെ ആവശ്യവും ഉണ്ടായിട്ടില്ല. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് റിപ്പോര്‍ട്ട് .
രാജ്യത്ത് പുതുതായി 1185 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍. രോഗികളില്‍ 1039 പേരും കേരളത്തിലാണ്. കഴിഞ്ഞ മാസം രോഗികളുടെ എണ്ണം 33ല്‍ നിന്ന് 768 ആയതാണ് ആശങ്ക വര്‍ദ്ധിപ്പിച്ചത്. ഇത് വളരെ ശ്രദ്ധേയോടെ കൈകാര്യം ചെയ്യേണ്ട വൈറസാണെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് പോലെ തന്നെ വ്യാപന ശേഷിയുള്ളതാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. എന്നാല്‍ പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വരാത്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സിഡിസിയുടെ പക്ഷം.
ജെഎന്‍1ന്‍റെ സാധാരണ ലക്ഷണങ്ങള്‍ പനിയും ചുമയും ക്ഷീണവും മൂക്കടപ്പും മൂക്കൊലിപ്പും വയറിളക്കവും തലവേദനയുമാണ്.കൂടുതല്‍ പഠനങ്ങളും നിരീക്ഷണങ്ങളും നടത്തിയ ശേഷമേ ഇതിന്‍റെ തീവ്രതയെക്കുറിച്ച് അറിയാനാകൂ .