08 December, 2023 10:22:04 AM


മെഫ്റ്റാല്‍ വേദനസംഹാരി: പാർശ്വഫലങ്ങൾ കണ്ടെത്തി; ജാഗ്രതനിർദേശം



ന്യൂഡല്‍ഹി: വേദന സംഹാരിയായി നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ പാർശ്വഫലങ്ങൾ കണ്ടെത്തി. ഒട്ടുമിക്ക വേദനകള്‍ക്കും ആശ്വാസം പകരുന്നതിനായി ഏറ്റവുമധികം ആശ്രയിക്കുന്നൊരു പെയിൻ കില്ലര്‍ ആണ് മെഫ്റ്റാല്‍.  ആര്‍ത്തവ വേദന, വാതരോഗത്തിന്‍റെ ഭാഗമായുണ്ടാകുന്ന വേദന, പല്ലുവേദന  എന്നിവയ്ക്കെല്ലാം ആളുകള്‍ വ്യാപകമായി ആശ്രയിക്കുന്ന പെയിൻ കില്ലര്‍ ആണ് മെഫ്റ്റാല്‍. ഡോക്ടര്‍മാരും ഇത് എഴുതി നല്‍കാറുണ്ട്. എങ്കിലും അധികവും ആളുകള്‍ നേരിട്ട് പോയി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വാങ്ങിക്കുന്നത് തന്നെയാണ് പതിവ്. 

എന്നാലീ പെയിൻ കില്ലറിന് സൈഡ് എഫക്ടുകളുണ്ട് എന്ന് സ്ഥിരീകരിക്കുകയാണ് 'ഇന്ത്യൻ ഫാര്‍മക്കോപ്പിയ കമ്മീഷൻ' (ഐപിസി). ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും അതുപോലെ മരുന്ന് ഉപയോഗിക്കുന്ന ഉപയോക്താക്കളും ഇക്കാര്യം ശ്രദ്ധിക്കണം എന്നാണ് കമ്മീഷൻ മുന്നറിയിപ്പ് നല്‍കുന്നത്. 

'ഈസിനോഫീലിയ, 'സിസ്റ്റമിക് സിംറ്റംസ് സിൻഡ്രോം' എന്നീ പ്രശ്നങ്ങളാണത്രേ മെഫ്റ്റാലിന്‍റെ സൈഡ് എഫക്ട്സ് ആയി വരുന്നത്. ഉയര്‍ന്ന പനി, ശ്വാസതടസം, കിതപ്പ്, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, വയറിന് പ്രശ്നം, വയറുവേദന, വയറിളക്കം, ഓക്കാനം, മഞ്ഞപ്പിത്തം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടൻ റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് നിര്‍ദേശം.

വൃക്ക, ഹൃദയം, ശ്വാസകോശം, പാൻക്രിയാസ് എന്നിങ്ങനെ പല അവയവങ്ങളെയും ബാധിക്കാൻ ഈ സൈഡ് എഫക്ടുകള്‍ കാരണമാകാം. എല്ലാ കേസുകളിലും അങ്ങനെ സംഭവിക്കണമെന്നല്ല. അതേസമയം സാധ്യതകളേറെയാണ് എന്ന്. ഇതിനാല്‍ ജാഗ്രത നിര്‍ബന്ധം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K