30 November, 2023 08:20:11 PM
എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാര്‍ഢ്യവുമായി സ്‌നേഹദീപം തെളിയിച്ചു
കോട്ടയം: ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ലോക എയ്ഡ്‌സ് ദിനാചരണത്തിന് മുന്നോടിയായി എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സ്‌നേഹ ദീപം തെളിച്ചു. തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ദീപം തെളിക്കൽ ഉദ്ഘാടനം ചെയ്തു. എച്ച്.ഐ.വി ബാധിതരെ സമൂഹത്തില്‍നിന്നു മാറ്റി നിര്‍ത്താതെ ഒരുമിച്ച് ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്‍റെ കൂടെ ചേര്‍ന്ന് പൊതുജനങ്ങളും ഏറ്റെടുക്കണം. അതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ലാ കളക്ടര്‍ വി.വിഗ്‌നേശ്വരി ചടങ്ങില്‍ എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. എന്‍. വിദ്യാധരന്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ബി.കെ പ്രസീത, ആരോഗ്യ വകുപ്പ് മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, പാലാ ബ്ലഡ് ഫോറം പ്രസിഡന്റ് ഷിബുതെക്കേമറ്റം, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനിലെ 25 വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബും തെരുവ് നാടകവും തണ്ണീര്‍മുക്കം സദാശിവന്‍ അവതരിപ്പിച്ച കഥാപ്രസംഗവും പരിപാടിയുടെ ഭാഗമായി അരങ്ങേറി.