27 October, 2023 08:57:41 AM


എട്ട് വൈറസുകളെ കൂടി കണ്ടെത്തിയെന്ന് ചൈന; കൊറോണ വകഭേദവും പട്ടികയില്‍



ബെയ്ജിംഗ്: കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറി വരുമ്പോള്‍ ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. ഇതുവരെ അറിയപ്പെടാതിരുന്ന എട്ട് വൈറസുകളെ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍ വ്യക്തമാക്കിയതായി വൈറോളജിക്ക സിനിക്ക എന്ന പ്രസിദ്ധീകരണത്തില്‍ റിപ്പോര്‍ട്ട് വന്നു.

നിലവില്‍ കണ്ടെത്തിയിരിക്കുന്ന വൈറസുകളിലൊന്ന് കോവിഡിന് കാരണമായ കൊറോണ വൈറസിന്‍റെ മറ്റൊരു വകഭേദമാണ്. കോവ് -എച്ച്‌എംയു-1 എന്നാണ് ഈ വൈറസിന്‍റെ പേരെന്നും ചൈനയുടെ തെക്കന്‍ തീരത്തിനടുത്തുള്ള ഹെയ്‌നാന്‍ ദ്വീപിലാണ് ഇവയെ കണ്ടെത്തിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ഈ വൈറസുകള്‍ക്ക് മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള ശേഷി നേടിയാല്‍ അതിശക്തമായ മഹാമാരികള്‍ക്ക് സാധ്യതയുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹെയ്‌നാന്‍ ദ്വീപിലുള്ള എലിവര്‍ഗങ്ങളില്‍ നിന്നെടുത്ത സാംപിളുകളില്‍ നിന്നാണ് വൈറസുകളുടെ സാന്നിധ്യം വ്യക്തമായത്.

2017 മുതല്‍ 2021 വരെയാണ് ഇത് സംബന്ധിച്ചുള്ള സാംപിള്‍ ശേഖരണവും വിദഗ്ധ പഠനവും നടന്നത്. ഫ്ലാവി വൈറസുകളുടെ കുടുംബത്തില്‍പെടുന്ന പെസ്റ്റിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വൈറസ് വിഭാഗങ്ങളിലൊന്ന്. ഇവ ഡെങ്കിപ്പനി, മഞ്ഞപ്പനി എന്നിവയ്ക്ക് കാരണമാകുന്നവയാണ്.

ശക്തമായ പനിയ്ക്ക് കാരണമാകുന്ന ആസ്‌ട്രോ, പാര്‍വോ എന്നിവയും ഗുഹ്യരോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന പാപ്പിലോമ എന്നീ വിഭാഗത്തില്‍പെട്ട വൈറസുകളേയും ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്‍റെ കേന്ദ്ര ഗവേഷണ ഡയറക്ടറായ ഡോ.ഷിഴെങ്‌ലിയാണ് വൈറോളജിക്ക സിനിക്കയുടെ എഡിറ്റര്‍.

ലോകാരോഗ്യ സംഘടനയുടെ കോവിഡ് ഡാഷ്‌ബോര്‍ഡിലെ വിവരങ്ങള്‍ അനുസരിച്ച്‌ 2020-21 കാലയളവിലുണ്ടായ കോവിഡ് വ്യാപനത്തില്‍ ലോകത്താകമാനം 69.74 ലക്ഷം ആളുകള്‍ മരിച്ചിരുന്നു. 77 കോടി ആളുകള്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K