23 October, 2023 10:03:19 AM
മൊബൈല്‍ ഫോണ്‍ വില്ലനായി; കര്‍ണാടകയിലെ 1.73 ലക്ഷം കുട്ടികള്‍ക്ക് കാഴ്ചപ്രശ്നങ്ങള്‍
ബംഗളൂരു: കര്‍ണാടകയിലെ 1.73 ലക്ഷം കുട്ടികള്‍ക്ക് വിവിധ തരം കാഴ്ചാപ്രശ്നങ്ങള്‍. മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗംമൂലമാണ് ഇത്. കഴിഞ്ഞ മാര്‍ച്ചില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ അധ്യയനവര്‍ഷം സ്കൂളുകളില്‍ കുട്ടികളുടെ കാഴ്ചപരിശോധന നടന്നിരുന്നു.
ആകെ 62,08,779 വിദ്യാര്‍ഥികളില്‍ പരിശോധന നടത്തിയപ്പോള്‍ 1,73,099 പേര്‍ക്കും വിവിധതരം കാഴ്ചപ്രശ്നങ്ങളുണ്ട്. ബെളഗാവി ജില്ലയിലെ കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. ഇവിടെയുള്ള 39,997 കുട്ടികള്‍ക്കും കാഴ്ച ബുദ്ധിമുട്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബെളഗാവിയില്‍ 6,74,939 കുട്ടികളില്‍ ള്‍ 39,997 പേര്‍ക്ക് കാഴ്ച പ്രശ്നങ്ങള്‍ കണ്ടെത്തി. 15,313 കുട്ടികള്‍ക്ക് കണ്ണടകള്‍ നല്‍കി. വിജയപുരയില്‍ 3,60,533 കുട്ടികളില്‍ 13,170 പേര്‍ക്കും വൈകല്യങ്ങളുണ്ട്. ഇതില്‍ 2,572 പേര്‍ക്ക് കണ്ണട നല്‍കി. ബി.ബി.എം.പി പരിധിയില്‍ 3,11,237 കുട്ടികളെ പരിശോധിച്ചതില്‍ 10,193 പേര്‍ക്ക് പ്രശ്നങ്ങള്‍ കണ്ടെത്തി. 2,555 പേര്‍ക്ക് കണ്ണടകള്‍ നല്‍കി. ദേവനഗരെയില്‍ 1,41,931 കുട്ടികളില്‍ 6348 പേര്‍ക്ക് പ്രശ്നങ്ങളുണ്ട്.
2231 പേര്‍ക്ക് കണ്ണട നല്‍കി. ബെള്ളാരിയില്‍ 2,34,661 കുട്ടികളെ പരിശോധിച്ചപ്പോള്‍ 6333 കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ കണ്ടെത്തുകയും 3090 പേര്‍ക്ക് കണ്ണട നല്‍കുകയും ചെയ്തു. ബിദറില്‍ ആകെ 1,88,220 കുട്ടികള്‍ക്ക് പരിശോധന നടത്തി. 5,677 കുട്ടികള്‍ക്ക് കാഴ്ചപ്രശ്നങ്ങളുണ്ട്. 2787 പേര്‍ക്ക് കണ്ണടകള്‍ നല്‍കി.
'രാഷ്ട്രീയ ബാല്‍ സ്വസ്ത്യ കാര്യക്രം (ആര്‍.ബി.എസ്.കെ) പദ്ധതിയുടെ കീഴിലാണ് കര്‍ണാടകയിലെ മുഴുവൻ സര്‍ക്കാര്‍-എയ്ഡഡ് സ്വകാര്യ സ്കൂളുകളിലെയും കുട്ടികള്‍ക്ക് വകുപ്പ് വിവിധ പരിശോധനകള്‍ നടത്തിയത്. കാഴ്ചപരിശോധനക്ക് പുറമേ വിളര്‍ച്ച, പോഷകാഹാരക്കുറവ്, വിരശല്യം എന്നീ പരിശോധനകളും നടത്തിയിരുന്നു. 2022-23 അധ്യയനവര്‍ഷത്തില്‍ 64,48,793 കുട്ടികള്‍ക്ക് കാഴ്ചപരിശോധന നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 62,08,779 കുട്ടികളില്‍ പരിശോധന നടത്തി. ആകെ 88,210 കണ്ണടകളാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കിയത്.
വില്ലൻ മൊബൈല്‍ ഫോണ്‍
കുട്ടികളിലെ കാഴ്ച തകരാറുകള്‍ക്കുള്ള പ്രധാന കാരണം അമിത മൊബൈല്‍ ഫോണ്‍ ഉപയോഗവും ടെലിവിഷൻ കാണുന്നതുമാണെന്ന് വിദഗ്ധര്‍ പറയുന്നു. പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓണ്‍ലൈൻ ക്ലാസുകളും മറ്റും നടക്കുന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ക്ക് ദീര്‍ഘനേരം ഉപയോഗിക്കേണ്ടിവരുന്ന അവസ്ഥയുമുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിലെ അന്ധത നിയന്ത്രണ ദേശീയ പദ്ധതി ജോയന്റ് ഡയറക്ടര്‍ ഡോ. ശ്യാമസുന്ദര്‍ പറയുന്നു.
സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണിന് അടിമകളാകുന്ന അവസ്ഥയുമുണ്ട്. പഠനം കഴിഞ്ഞാല്‍ ഒന്നുകില്‍ മൊബൈല്‍ ഫോണുകളിലോ അല്ലെങ്കില്‍ ടെലിവിഷന് മുന്നിലോ സമയം ചെലവഴിക്കുകയാണ് കുട്ടികള്‍. കോവിഡ് സമയത്തും അതിന് ശേഷവുമുള്ള ഘട്ടങ്ങളിലും മൊബൈല്‍ ഉപയോഗം കുട്ടികളില്‍ ഏറെ കൂടി. ദീര്‍ഘനേരം മൊബൈല്‍ ഫോണിന്റെ സ്ക്രീനില്‍ നോക്കിയിരിക്കുന്നത് കണ്ണുകള്‍ക്ക് ഗുരുതരപ്രശ്നങ്ങള്‍ ഉണ്ടാക്കും. കണ്ണുകള്‍ ക്ഷീണിക്കുകയും കാഴ്ചവൈകല്യങ്ങളടക്കം ഉണ്ടാവുകയും ചെയ്യുന്നു.
കുട്ടികള്‍ ദിവസവും ഏറ്റവും ചുരുങ്ങിയത് എട്ടുമണിക്കൂര്‍ ഉറങ്ങണം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ അടങ്ങിയ പോഷകാഹാരം കഴിക്കണം. വിറ്റമിൻ എ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. കാഴ്ചപ്രശ്നങ്ങള്‍ ഉള്ള കുട്ടികള്‍ നിര്‍ബന്ധമായും കണ്ണടകള്‍ ഉപയോഗിക്കണമെന്നും ഡോ. ശ്യാമ സുന്ദര്‍ പറഞ്ഞു. വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തുന്നുമുണ്ട്.