01 September, 2016 03:23:35 PM
സിംഗപ്പൂരിലെ ഇന്ത്യക്കാരായ 13 നിർമാണ തൊഴിലാളികൾക്ക് സിക വൈറസ് ബാധ
ദില്ലി: സിംഗപ്പൂരിലെ നിർമാണ തൊഴിലാളികളായ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് ബാധയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. തൊഴിലാളികളിൽ നടത്തിയ രക്തപരിശോധനയിലാണ് വൈറസ് സാന്നിധ്യം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് വൈറസ് ബാധയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന രോഗമാണ് സിക. 34 രാജ്യങ്ങളില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്‌ള്യു.എച്ച്.ഒ.) സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ ഉപ ഭൂഖണ്ഡത്തിലും കരീബിയന്‍ രാജ്യങ്ങളിലുമാണ് രോഗബാധ കൂടുതലായി കണ്ടെത്തിയത്.
ഗർഭിണികളായ സ്ത്രീകൾക്ക് സിക വൈറസ് ബാധയുണ്ടായാൽ ജനിക്കുന്ന കുട്ടിക്ക് ബുദ്ധിവൈകല്യത്തിന് സാധ്യതയുണ്ടെന്ന് യു.എസ് ആരോഗ്യ വിദഗ്ധന്മാർ വ്യക്തമാക്കി.