16 September, 2023 12:30:28 PM
നിപ പരിശോധന: 11 സാമ്പിളുകൾ കൂടി നെഗറ്റീവ്- ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾക്ക് കൂടി നെഗറ്റീവ് റിസൽറ്റാണ് ലഭിച്ചിരിക്കുന്നത്. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന ആകെ 94 പേരുടെ പരിശോധനാഫലങ്ങളിലാണ് ഇപ്പോൾ നിപ ബാധയില്ലെന്നു വ്യക്തമായിരിക്കുന്നത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിയ പുരോഗതി അവകാശപ്പെടാറായിട്ടില്ലെങ്കിലും, നേരിയ പുരോഗതി ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.
21 പേർ നിരീക്ഷണത്തിലുമുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകളുണ്ടോ എന്നു കണ്ടെത്തുകയാണ് അടുത്ത നടപടിയെന്നും മന്ത്രി വ്യക്തമാക്കി.