26 August, 2016 05:42:23 PM
കുരുമുളകിന് ദ്രുതവാട്ടവും കവുങ്ങിന് മഹാളിയും പിടിപെടാന്‍ സാധ്യത
കാസര്‍കോട് : കവുങ്ങിനെ ബാധിക്കുന്ന മഹാളി രോഗവും കുരുമുളകിനെ ബാധിക്കുന്ന ദ്രുതവാട്ടവും പൊട്ടിപ്പുറപ്പെടാന്‍ അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കാര്‍ഷിക കോളേജില്‍ ചേര്‍ന്ന കാര്‍ഷിക സാങ്കേതിക വിദ്യ അവലോകന യോഗം വിലയിരുത്തി.
ദ്രുതവാട്ട രോഗം മടിക്കൈ, കിനാനൂര്‍ കരിന്തളം, ബദിയടുക്ക തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് അതിവേഗം പടര്‍ന്നു പിടിക്കാനുളള സാധ്യത ഉണ്ട്. റബ്ബറിന് ഇലപൊഴിയല്‍ രോഗം പല സ്ഥലങ്ങളിലും വ്യാപിച്ചു കഴിഞ്ഞു. ഇലകളില്‍ കറുപ്പു പുളളികള്‍ വീണ് ഇലയും തിരിയും പൊഴിയുക, വളളി വാടുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. നീര്‍വ്വാര്‍ച്ച മെച്ചപ്പെടുത്തുക, തണല്‍ കുറയ്ക്കുക, സംയോജിത വളപ്രയോഗം നടത്തുക എന്നിവ ചെയ്യണം. മിത്ര കുമിളായ ട്രൈക്കോഡര്‍മ്മ മിത്ര ബാക്ടീരിയയായ സ്യൂഡോമോണസ് എന്നിവ ഉപയോഗിക്കണം. രോഗം വന്നു കഴിഞ്ഞാല്‍ പൊട്ടാസ്യം ഫോസ്‌ഫേറ്റ് അഞ്ച് മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ വളളികളില്‍ തളിക്കുകയും കുതിര്‍ക്കുകയും ചെയ്യണം. ഒരാഴ്ച ഇടവിട്ട് മൂന്ന്, നാല് തവണ ആവര്‍ത്തിക്കണം.
മഹാളി രോഗം വിള നാശത്തിന് ഇടയാക്കുമെന്നതിനാല്‍ നിയന്ത്രണ നടപടികള്‍ ഉടന്‍ സ്വീകരിക്കണം. തെളിഞ്ഞ കാലാവസ്ഥയില്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം കുലകളില്‍ നന്നായി അടിച്ചു കൊടുക്കണം. തോട്ടത്തിലെ നീര്‍വാര്‍ച്ച മെച്ചപ്പെടുത്തണം. മഹാളി ബാധ തുടങ്ങിയ തോട്ടങ്ങളില്‍ പൊട്ടാസ്യം ഫോസ്‌ഫേറ്റ് അഞ്ച് മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ പശ ചേര്‍ത്ത് അടിച്ചു കൊടുക്കണം. ഒരാഴ്ചക്കുളളില്‍ ഒരു ശതമാനം ബോര്‍ഡോയും തളിക്കണം. തോട്ടത്തില്‍ സംയോജിത വളപ്രയോഗം നടത്തണം. തെങ്ങിന് കാണുന്ന വ്യാപകമായ മഞ്ഞളിപ്പ് നൈട്രജന്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നീ മൂലകങ്ങളുടെ കുറവ് കൊണ്ടാണ്. ജില്ലയിലെ മഴക്കാല പച്ചക്കറികള്‍ക്ക് വരുന്ന വിവിധ രോഗങ്ങള്‍, കീടങ്ങള്‍, പോഷക പ്രശ്‌നങ്ങള്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്തു.
ഉത്തമ കൃഷി രീതികള്‍ അനുവര്‍ത്തിക്കാന്‍ കൃഷിക്കാരെ പ്രാപ്തരാക്കുവാന്‍ വേണ്ടി പരിശീലനങ്ങള്‍ ജൈവകീടനാശിനികള്‍ ലഭ്യമാക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. കാര്‍ഷിക കോളേജ് പ്രസിദ്ധീകരിച്ച പച്ചക്കറി വിളകള്‍ ഒരു സഹായി എന്ന ഗ്രന്ഥം കൃഷിക്കാര്‍ക്ക് വളരെ ഉപകാരപ്രദമാകുമെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ഡോ. എം ഗോവിന്ദന്‍, അസോസിയേറ്റ് ഡീന്‍ കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ ഡോ. പ്രൊഫ. കെ എം ശ്രീകുമാര്‍, പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം ഗവേഷണ ഉപമേധാവി ഡോ. ജയപ്രകാശ് നായക്, കാസര്‍കോട് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. മനോജ്, കൃഷി ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.