03 August, 2023 05:39:37 PM


പൂ കൃഷിയിൽ നൂറുമേനി വിളവുമായി തിരുവാർപ്പിലെ തൊഴിലുറപ്പ് തൊഴിലാളികൾ



കോട്ടയം: ഈ ഓണക്കാലത്ത് തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പൂക്കളങ്ങൾ സ്വന്തം പൂക്കളാൽ വട്ടമിടും. ഓണത്തിന് ആവശ്യമായ പൂക്കൾ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഓണത്തിന് ഒരു കുട്ട പൂവ് എന്ന പദ്ധതിയിൽ നൂറുമേനി വിളവാണ് തൊഴിലുറപ്പ് പ്രവർത്തകർ നേടിയിരിക്കുന്നത്.  മൂന്നുമാസം മുൻപ് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ 20 സെന്റ് തരിശുഭൂമിയിലാണ് കൃഷിയിറക്കിയത്.

കുമ്മായമിട്ട് മണ്ണിന്റെ പുളിപ്പ് മാറ്റി എല്ലുപൊടിയും ചാണകപ്പൊടിയും ചേർത്ത് നിലമൊരുക്കിയാണ് തരിശുഭൂമിയിൽ കൃഷിയാരംഭിച്ചത്. ഒരുമാസം പ്രായമുള്ള ബന്ദി തൈകൾ തിരുവാർപ്പ് കൃഷി ഓഫീസിൽ നിന്നും ലഭിച്ചു.  ഓറഞ്ചും, മഞ്ഞയും നിറത്തിലുള്ള രണ്ടായിരത്തോളം ബന്ദിതൈകളാണ് വിളവെടുപ്പിന് തയ്യാറായി നിൽക്കുന്നത്.

തൊഴിലുറപ്പ് തൊഴിലാളികളായ പത്ത് പേർ ചേർന്നാണ് കൃഷി ഇറക്കിയത്. കഴിഞ്ഞ വർഷം 10 സെന്റ് സ്ഥലത്ത് ആയിരം തൈകൾ നട്ടാണ് കൃഷി തുടങ്ങിയത്. ആദ്യ സംരംഭത്തിൽ നൂറുമേനി വിളവ് നേടിയതാണ് രണ്ടാമതും കൃഷി ഇറക്കാൻ കാരണമായത്. അടുത്ത വർഷം മുല്ല കൃഷി കൂടി ആരംഭിക്കണമെന്ന ആലോചനയിലാണ് ഇവർ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K