20 July, 2023 07:40:19 AM


അംഗീകാരങ്ങളുടെ പെരുമഴ: സാബു ജോര്‍ജ് കോട്ടയം ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്‍റ്



കോട്ടയം: ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്‍റ് ആയി കുറവിലങ്ങാട് കൃഷിഭവനിലെ അസിസ്റ്റന്‍റ് കൃഷി ഓഫീസർ സാബു ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് കൃഷി ഓഫീസില്‍ സ്ഥലം മാറിയെത്തി ഒന്നര വര്‍ഷം പിന്നിട്ടതിനിടെ വ്യത്യസ്തങ്ങളായ നൂറ്റിപ്പത്തിലധികം പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയ സാബുവിനെ തേടി ഒട്ടേറെ അംഗീകാരങ്ങൾ ഇതിനിടെ എത്തിയിരുന്നു.


സാബുവിന്‍റെ പ്രവര്‍ത്തനമികവ് കണക്കിലെടുത്ത് കർഷകരും വിവിധ സംഘടനകളും അദ്ദേഹത്തെ ആദരിച്ചു. സാബു കുറവിലങ്ങാട് കൃഷിഭവനില്‍ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ പ്രവേശിച്ചിട്ട് വരുന്ന ഒരു വർഷം പിന്നിട്ടതേയുള്ളു. സര്‍ക്കാരിന്‍റെ വിവിധ കാര്‍ഷിക പദ്ധതികളുടെ ഭാഗമായി കുറവിലങ്ങാട് കൃഷിഭവന്‍ നടത്തിയ ജനകീയവും വ്യത്യസ്തങ്ങളുമായ പരിപാടികള്‍ സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.


രണ്ടായിരത്തിലധികം കര്‍ഷകര്‍ക്ക് കര്‍ഷകരജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുന്നതിന് നേതൃത്വം നല്‍കിയ സാബുവിന് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് കര്‍ഷകകൂട്ടായ്മ പ്രത്യേക അംഗീകാരം നല്‍കി. ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കൃഷികൂട്ട് 2022 എന്ന പ്രോജക്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഞങ്ങളും കൃഷിയിലേക്ക് പ്രചോദനാത്മക മാതൃകകള്‍ സമ്മാനിച്ച് ജനകീയമാക്കിയതിന് ഇന്ദിരഗിരി സ്കില്‍ ഡവലപ്മെന്‍റ് മള്‍ട്ടി പര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുരസ്കാരം നല്‍കി ആദരിച്ചു.


മികച്ച സേവനത്തിന് കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പുരസ്കാരം നല്‍കിയും ധര്‍മ്മരാജ്യവേദി ജൈവസമൃദ്ധിസംഗമത്തില്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ചും ആദരിച്ചു. പദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കിയതിന് ജനകീയ അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍ എന്ന പേരിലാണ് കുറവിലങ്ങാട് വ്യാപാരി വ്യവസായി സമിതി ഇദ്ദേഹത്തെ ആദരിച്ചത്. കുറവിലങ്ങാട് കാളികാവിനടുത്ത് ഒറ്റക്കണ്ടത്തില്‍ കുടുംബാംഗമായ സാബു ജോര്‍ജ് താന്‍ ജോലിചെയ്ത ഓഫീസുകളിലെല്ലാം ഏറെ അടുത്ത ബന്ധമാണ് കര്‍ഷകരോട് പുലര്‍ത്തിവന്നിരുന്നത്. 


തന്‍റെ സ്വന്തം നാട്ടില്‍ ഓരോ പദ്ധതികളും വളരെ കൃത്യതയോടും ജനക്ഷേമകരമായും നടപ്പാക്കാനായി എന്നത് ഈ അംഗീകാരത്തിനൊക്കെ പുറമെ സാബുവിന് ഏറെ സന്തോഷം നല്‍കുന്നു. ഇതുവരെയുള്ള തന്‍റെ പ്രവര്‍ത്തനപരിചയത്തിലൂടെ സാബുവിന്‍റെ മനസില്‍ ഉരുത്തിരിഞ്ഞ ഒട്ടേറെ ആശയങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ കൃഷി ഓഫീസര്‍ പാര്‍വതിയും ഒപ്പമുണ്ടായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K