03 July, 2023 07:44:48 PM
തലയിണ കവറുകളില്‍ ടോയ്ലറ്റ് ഇരിപ്പിടത്തിനേക്കാള്‍ 17,000 മടങ്ങ് ബാക്ടീരിയകള്‍
വാഷിങ്ടണ്‍: തലയിണ കവറുകള്‍ ഒരാഴ്ച മുമ്പ് കഴുകിയതാണെങ്കില്‍ പോലും ടോയ്ലറ്റിന്‍റെ ഇരിപ്പിടത്തില്‍ ഉള്ളതിനേക്കാള്‍ 17,000 മടങ്ങ് ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം അവകാശപ്പെട്ടത്.
പഠനത്തിന്‍റെ ഭാഗമായി കഴുകാത്ത തലയിണയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഏഴു ദിവസം സൂക്ഷിച്ചു. ഇതില്‍ ചര്‍മ്മത്തില്‍ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ കണ്ടെത്തി. നമ്മുടെ ചര്‍മ്മത്തിലെ മൃതകോശങ്ങളും വിയര്‍പ്പും പൊടിപടലങ്ങളുമാണ് ഈ ബാക്ടീരിയകള്‍ക്ക് വളമാകുന്നത്. ഇവ അതിവേഗം വളരുകയും ചെയ്യും.
ഒരാഴ്ച മുമ്പ് കഴുകിയ തലയിണയില്‍ ടോയ്ലറ്റ് ഇരിപ്പിടത്തില്‍ ഉള്ളതിനേക്കാള്‍ 17000 മടങ്ങ് ബാക്ടീരിയ ഉണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ബാത്ത്‌റൂം ഡോറില്‍ കണ്ടെത്തിയ ബാക്ടീരിയകളേക്കാള്‍ ഇരുപത്തയ്യായിരം മടങ്ങ് കൂടുതല്‍ ബാക്ടീരിയകള്‍ തലയിണ കവറിലുണ്ട്. ന്യുമോണിയ പോലുള്ള അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളും ഇവയില്‍ ഉള്‍പ്പെടുന്നുവെന്ന് പഠനം കണ്ടെത്തി. ഇതുകൂടാതെ ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാസിലി ബാക്ടീരിയയും തലയിണ കവറുകളില്‍ കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ ബെഡ്ഷീറ്റും തലയിണ കവറും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴുകാന്‍ തുടങ്ങുക. ഉറങ്ങുമ്പോള്‍ വിയര്‍ക്കുന്നവരും മുടിയില്‍ എണ്ണ തേച്ച് ഉറങ്ങുന്നവരും മേക്കപ്പ് ഇട്ട് കിടക്കുന്നവരും രണ്ട് ദിവസം കൂടുമ്പോള്‍ തലയിണ കവറുകള്‍ കഴുകണം. നിങ്ങളുടെ ബെഡ്ഷീറ്റിന്‍റെ തുണിയും ബാക്ടീരിയയുടെ വളര്‍ച്ചയെ സ്വാധീനിക്കും. സാറ്റിന്‍ ഷീറ്റുകളും ഇടയ്ക്കിടെ കഴുകേണ്ടതുണ്ട്. മുഖവുമായി നേരിട്ട് ബന്ധപ്പെടുന്നതിനാല്‍ തലയിണ കവറുകള്‍ വളരെ നന്നായി കഴുകേണ്ടതുണ്ട്. തലയിണ കവറുകള്‍ ചെറുചൂടുള്ള വെള്ളത്തില്‍ നല്ല ഡിറ്റര്‍ജന്‍റും സോപ്പും ഉപയോഗിച്ച് കഴുകുക.