03 July, 2023 05:02:26 PM


കൃഷി വകുപ്പിന്‍റെ പുരസ്‌കാരങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു; ജൂലൈ ഏഴിനകം സമർപ്പിക്കണം



കോട്ടയം: കൃഷിവകുപ്പ് നൽകുന്ന 2022 വർഷത്തെ മികച്ച കർഷകർ, മികച്ച പാടശേഖര സമിതി, പത്രപ്രവർത്തകർ, കാർഷിക രംഗത്തെ വിവിധ മേഖലയിൽ പ്രവർത്തനം കാഴ്ചവെയ്ക്കുന്ന വ്യക്തികൾ, ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള പുരസ്‌കാരത്തിനുള്ള അപേക്ഷകളും നാമനിർദേശങ്ങളും ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ ഏഴിനകം നിശ്ചിത ഫോർമാറ്റിൽ അതതു കൃഷിഭവനുകളിൽ സമർപ്പിക്കണം.

മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ മെമ്മോറിയൽ പുരസ്‌കാരം, മിത്രാനികേതൻ പത്മശ്രീ കെ. വിശ്വനാഥൻ സ്മാരക പുരസ്‌കാരം, മികച്ച ജൈവകൃഷി നടത്തുന്ന ആദി വാസി ഊര്, സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്‌കാരം, കേരകേസരി പുരസ്‌കാരം, മികച്ച ജൈവകർഷകൻ, മികച്ച കൃഷി നടത്തുന്ന റെസിഡന്റ്‌സ് അസോസിയേഷൻ, യുവ കർഷക, യുവകർഷകൻ, ഹരിതമിത്ര, കർഷക ജ്യോതി, ഹൈടെക് കർഷകൻ, കർഷക തിലകം, അച്ചടി മാധ്യമം, ദൃശ്യമാധ്യമം, നവമാധ്യമം എന്നിവയ്ക്കുള്ള കർഷകഭാരതി പുരസ്‌കാരം, ശ്രമശക്തി, ക്ഷോണി സംരക്ഷണ, മികച്ച കൂൺ കർഷകൻ, മികച്ച മൂല്യവർധനനവിനുള്ള പുരസ്‌കാരം, മികച്ച സംരംഭകൻ, മികച്ച കയറ്റുമതി കർഷകൻ, മികച്ച കൃഷിക്കൂട്ടം, മികച്ച പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘം, മികച്ച സ്‌കൂൾ വിദ്യാർത്ഥിനി, സ്‌കൂൾ വിദ്യാർത്ഥി, മികച്ച ഹയർസെക്കൻഡറി സ്‌കൂൾ കർഷക പ്രതിഭ, മികച്ച കലാ ലയ കർഷക പ്രതിഭ, മികച്ച കാർഷിക ഗവേഷകൻ, മികച്ച ഫാം ഓഫീസർ എന്നിങ്ങനെ വിവിധ മേഖലകളിൽ പുരസ്‌കാരങ്ങൾ നൽകുന്നു.

കൂടാതെ സംസ്ഥാന തലത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനം, മികച്ച ക്ലസ്റ്റർ, മികച്ച ട്രൈബൽ ക്ലസ്റ്റർ, മികച്ച മട്ടുപ്പാവു കൃഷി, മികച്ച പൊതുമേഖലാ സ്ഥാപനം, മികച്ച സ്വകാര്യമേഖല സ്ഥാപനം എന്നിവയ്ക്കും പുരസ്‌കാരങ്ങൾ നല്കുന്നു. സംസ്ഥാന തലത്തിൽ മികച്ച രീതിയിൽ ജൈവകൃഷി ചെയ്യുന്ന നിയമസഭാ നിയോജക മണ്ഡലത്തിന് ജൈവകാർഷിക നിയോജക മണ്ഡലം പുരസ്‌കാരം ൽകുന്നു. അഞ്ചു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് സമ്മാനം.

അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കൃഷി ഭവനിൽ നേരിട്ട് സമർപ്പിക്കാവുന്നതാണ്. കൂടാതെ കൃഷിഭവനുകൾക്കും പഞ്ചായത്തുകൾക്കും മികച്ച കർഷകരെ പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്യാം. മുൻവർഷത്തെ ജേതാക്കൾ നടപ്പുവർഷത്തെ പുരസ്‌കാരത്തിന് അർഹരല്ല.
കൂടുതൽ വിവരങ്ങൾക്ക് സമീപത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക. വിശദ വിവ രങ്ങൾ കൃഷി ഡയറക്ടറുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. (www.karshikakeralam.gov.in)




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K