18 August, 2016 11:27:05 AM


കര്‍ഷക ദിനത്തിലും കര്‍ഷകന് മിച്ചം 'കണ്ണീര്‍' മാത്രം

കോട്ടയം : ചിങ്ങപുലരിയില്‍ നാടെങ്ങും കര്‍ഷകദിനം കെങ്കേമമായി ആഘോഷിച്ചപ്പോഴും കേരളത്തിലെ കര്‍ഷകന്‍റെ കണ്ണീരൊപ്പാനുള്ള പദ്ധതികള്‍ എങ്ങുെമെത്തിയില്ല. ഓണക്കാലത്ത് വിലക്കയറ്റം തടയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോഴും പച്ചക്കറി ഉത്പാദനത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനോ പരിഹാരം കാണുന്നതിനോ അധികൃതര്‍ മിനക്കെടുന്നില്ല. കേരളത്തിലെ കര്‍ഷകര്‍ തങ്ങള്‍ വിളയിക്കുന്ന പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുന്നത് ഒഴുക്കിയ വിയര്‍പ്പിന്‍റെ വില പോലും ലഭിക്കാതെയാണെന്നതാണ് സത്യം.





കര്‍ഷകദിനത്തോടനുബന്ധിച്ച് ഒരു വിളവെടുപ്പില്‍ ലഭിച്ച രണ്ട് ചാക്ക് പടവലങ്ങയുമായി പാറമ്പുഴയില്‍ നിന്നും പച്ചക്കറിയുമായി കോട്ടയത്ത് എത്തിയ മോന്‍സി എന്ന കര്‍ഷകന്‍റെ അനുഭവമിതാണ്. 35 കിലോ പടവലങ്ങയ്ക്ക് മൊത്തവില 12 രൂപാ പ്രകാരം ആകെ കണക്കാക്കിയത് 420 രൂപ. ഓട്ടോറിക്ഷ കൂലിയും (250 രൂപ), ഇറക്കുകൂലിയും ടോളും (50 രൂപ), ചാക്കിന്‍റെ കനമായി വ്യാപാരി കുറച്ച തുകയും (24 രൂപ) കഴിച്ച് മോന്‍സിയ്ക്ക് ലഭിച്ചതാകട്ടെ വെറും 96 രൂപ. ഈ 35 കിലോ  പടവലങ്ങ ചില്ലറവില്‍പന കേന്ദ്രത്തില്‍ ജനങ്ങള്‍ക്ക്  ലഭിക്കുന്നതാകട്ടെ 1050 രൂപയ്ക്ക്. കര്‍ഷകന് 96 രൂപ ലഭിച്ചപ്പോള്‍ ഇടനിലക്കാരായി നിന്ന വ്യാപാരികള്‍ കൊയ്തത് പത്തിരട്ടി.


ഇവിടെ തീരുന്നില്ല കര്‍ഷകന്‍റെ കദനകഥ. മൂന്ന് മാസത്തെ വിളവെടുപ്പിലൂടെ ഉത്പന്നം മാര്‍ക്കറ്റില്‍ എത്തിക്കാനുള്ള ചെലവുകള്‍ മാത്രം കഴിഞ്ഞ് ശരാശരി ലഭ്യമാകുന്ന തുക 2500 രൂപ. പടവലത്തിന് പന്തലിടുന്നതും വളമിടുന്നതിനും കേടാകാതെ പരിചരിക്കുന്നതിനുമുള്ള ചെലവാകട്ടെ 4000 രൂപയ്ക്ക് മുകളിലും. ഇതിന് മുമ്പ് വെള്ളരി, ഏത്തക്കുല,വഴുതന,ചീര തുടങ്ങി താന്‍ വിളയിച്ച പച്ചക്കറികളെല്ലാം നഷ്ടത്തിലാണ് വിറ്റഴിച്ചതെന്ന് പെരുമാലില്‍ മോന്‍സി പറയുന്നു. ഇതിനിടെ കൂലിയ്ക്ക് ഒരാളെ പണിയ്ക്ക് നിര്‍ത്തിയാല്‍ നഷ്ടം ഇരട്ടിക്കുകയും ചെയ്യുന്നു. ജൈവക‌ൃഷിയിലൂടെ മാത്രം പച്ചക്കറി വിളയിക്കുന്ന മോന്‍സിയെ പോലുള്ള  നാട്ടിലെ കര്‍ഷകര്‍ക്ക് അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണിന്ന്. ഇതിനു പുറമെയാണ് ഇടനിലക്കാരുടെ ചൂഷണവും.


നാട്ടില്‍ ഇപ്പോള്‍ വിളയിക്കുന്ന ചില പച്ചക്കറികള്‍ക്ക് കര്‍ഷകന് ലഭിക്കുന്ന വിലയും മാര്‍ക്കറ്റിലെ വിലയും (ബ്രായ്ക്കറ്റില്‍)
പാവയ്ക്ക - 38 (60), പയര്‍- 30 (60),ചീര - 15 (40), കോവയ്ക്ക - 20 (50), വെള്ളരി - 10 (20), വഴുതന - 20 (30), ഏത്തയ്ക്ക - 50 (75), പടവലങ്ങ - 12 (30),ചേന - 30 (50), കാന്താരി മുളക്  - 150 (400). നാട്ടിന്‍പുറത്തെ കടകളില്‍ എത്തുമ്പോള്‍ പച്ചക്കറികളുടെ വിലയില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടാകുന്നു. പച്ചക്കറികള്‍ മാര്‍ക്കറ്റില്‍ എത്തിയാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ഇടനിലക്കാര്‍ വിലയിടിക്കുന്നതും പതിവ്. വലിപ്പം കൂടിയെന്നും കുറഞ്ഞെന്നും ഒക്കെ നിരവധി കാരണങ്ങള്‍ നിരത്തി പല വിലയ്ക്ക് എടുക്കുന്ന ഒരേ ഉത്പന്നം പക്ഷെ ഉപഭോക്താവിന്‍റെ മുന്നില്‍  എത്തുമ്പോള്‍ ഏതെടുത്താലും ഒരേ വില.


ഇതിനിടെ പ്രകൃതിക്ഷോഭം മൂലം നാശനഷ്ടമുണ്ടായാല്‍ അതും കര്‍ഷകന്‍ സഹിക്കണം. സെന്‍റിന് 2 രൂപാ വീതം പ്രീമിയം അടച്ചാല്‍ വിളനാശത്തിന് ഇന്‍ഷ്വറന്‍സ് ലഭിക്കും. സെന്‍റിന് 12 രൂപാ നിരക്കില്‍ ഏക്കറിന് 1200 രൂപാ വരെയാണ് ഇന്‍ഷ്വറന്‍സ് സാധാരണ ലഭിക്കുക. ഇതിനായി കൃഷി ഓഫീസറെ സ്ഥലം കൊണ്ട് പോയി കാണിക്കുന്നതും "മറ്റ്" ചെലവുകളും കൂടിയാകുമ്പോള്‍ പണം വീണ്ടും കയ്യില്‍നിന്ന് പോകും. അതുകൊണ്ട് തന്നെ വിള ഇന്‍ഷ്വറന്‍സിന്‍റെ പിന്നാലെ പോകാന്‍ സാധാരണ കര്‍ഷകന്‍ മിനക്കെടുന്നില്ല. 


ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരെ സഹായിക്കാന്‍ കേരളത്തിലുടനീളം ആരംഭിച്ചിട്ടുള്ള വി എച്ച് പി സി കെയുടെതുള്‍പ്പെടെയുള്ള നാടന്‍ പച്ചക്കറി വിപണന കേന്ദ്രങ്ങളും തട്ടിപ്പിന്‍റെ അരങ്ങായി മാറി കഴിഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളാണ് നാടന്‍ ഉത്പന്നങ്ങളായി ഇവിടെയൊക്കെ വിറ്റഴിക്കുന്നത്.  നാട്ടുകാരായ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ എടുക്കാതിരിക്കാനുള്ള പദ്ധതികള്‍ക്ക് കൂട്ട് നില്‍ക്കുന്ന ഇവര്‍ക്ക് ന്യായമായ കമ്മീഷനും ലഭിക്കുന്നുണ്ടെന്ന്  സ്വാശ്രയ കര്‍ഷകസമിതിയുടെ അംഗമായ ഒരു കര്‍ഷകന്‍ പറഞ്ഞു. കൃഷിയിറക്കിയ കര്‍ഷകര്‍ അറിയാതെ അവരുടെ തോട്ടം ചൂണ്ടികാട്ടി  ക‍ാര്‍ഷിക ഉദ്യോഗസ്ഥരുമായി ഒത്ത് ഗ്രാന്‍റുകള്‍ തട്ടിയെടുക്കുന്ന സംഘവും ഇതിനിടയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K