20 June, 2023 03:28:27 PM
ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം- മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ വര്‍ധിക്കുന്നതിലല്ല മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതാണ്.
മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാര്‍ക്ക് പരിശീലനം ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികളുടെ പിന്തുണ ഉറപ്പാക്കും. ഐഎംഎയുമായും ഐഎപിയുമായും ചര്‍ച്ച നടത്തും. ജില്ലാതല അവലോകനങ്ങള്‍ കൃത്യമായി നടത്തി നടപടി സ്വീകരിക്കണം. വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.
വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വെക്ടര്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
ആശുപത്രിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളില്‍ കൊതുകുവല ഉപയോഗിക്കണം. ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആശുപത്രികള്‍ കൂടുതല്‍ സജ്ജമാക്കണം. എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതിനുള്ള ഡോക്‌സി കോര്‍ണറുകള്‍ സ്ഥാപിക്കണം.
ക്രിറ്റിക്കല്‍ കെയര്‍ മാനേജ്‌മെന്‍റ് സൗകര്യങ്ങള്‍ ഉറപ്പാക്കണം. തദ്ദേശസ്ഥാപന പ്രതിനിധികളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഒഴിവുള്ള തസ്തികകളില്‍ മുഴുവന്‍ നിയമനം നടത്തണം. വാര്‍ഡ്തല സാനിട്ടേഷന്‍ കമ്മിറ്റി ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആശുപത്രികള്‍ക്ക് ചികിത്സാ പ്രോട്ടോകോളും എസ്.ഒ.പി.യും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുരക്ഷാ സാമഗ്രികള്‍ ഉറപ്പ് വരുത്തണം.
ഡെങ്കിപ്പനി വ്യാപനം തടയാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉറവിട നശീകരണം ശക്തമാക്കണം. ആശുപത്രികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളിലെ ടയറുകളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. തോട്ടം മേഖലകളും പ്രത്യേകം ശ്രദ്ധിക്കണം. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ ശുചിയാക്കുന്നത് വഴി കൊതുകിന്‍റെ സാന്ദ്രത കുറക്കാനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ കുറക്കാനും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.