17 June, 2023 06:20:18 PM
പോത്ത്, ആട്ടിൻകുട്ടി വളർത്തൽ പദ്ധതി: രജിസ്‌ട്രേഷൻ ജൂലൈ 31 വരെ
കോട്ടയം: പോത്തിൻകുട്ടികളെയും ആട്ടിൻകുട്ടികളെയും വളർത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്‌കരിച്ച പദ്ധതിയിലേക്ക് അപേക്ഷിക്കാം. സംസ്ഥാനത്തുടനീളം 500 കർഷകരെ തിരഞ്ഞെടുത്ത് ഒരാൾക്ക് രണ്ട് പോത്തിൻകുട്ടികളെയോ അഞ്ച് പെൺ ആട്ടിൻകുട്ടികളെയോ വളർത്താൻ കൊടുക്കും.
വില ആദ്യം കർഷകർ നൽകേണ്ടതില്ല. എന്നാൽ വളർത്തിയെടുക്കുന്ന പോത്ത്/ആട് എന്നിവ എം.പി.ഐ മാർക്കറ്റ് വിലയ്ക്ക് തിരിച്ചെടുക്കുമ്പോൾ കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കർഷകർക്കു നൽകും.
12 മാസമാണ് വളർത്തുകാലഘട്ടം. ഒമ്പതു മാസം പ്രായമുളള ആട്ടിൻകുട്ടികളെയും 12 മാസം പ്രായമുളള പോത്ത് കിടാരികളെയുമാണ് വളർത്താൻ നൽകുന്നത്. ഇൻഷുറൻസ്, വെറ്ററിനറി എയ്ഡ്, പരിശീലനം എന്നിവ നൽകും.
രജിസ്‌ട്രേഷൻ ജൂലൈ 31 വരെ ഓൺലൈനായും ഹെഡ് ഓഫീസിൽ നേരിട്ടും സ്വീകരിക്കും. അപേക്ഷഫോമിനും വിശദവിവരത്തിനും വെബ്സൈറ്റ്: www.meatproductsofindia.com. വിശദവിവരത്തിന് ഫോൺ: 8281110007, 9947597902. അപേക്ഷ അയയ്‌ക്കേണ്ട ഇ-മെയിൽ: mpiedayar@gmail.com.