07 June, 2023 07:09:12 PM


ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക് മരുന്നുകൾ വിൽക്കരുത് - ഡിഎംഓ



കോട്ടയം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക് മരുന്നുകൾ മെഡിക്കൽ സ്റ്റോറിൽനിന്നു വിൽക്കരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ നിർദ്ദേശിച്ചു. സർക്കാർ മേഖലയിലെ കാരുണ്യ, നീതി, ജൻ ഔഷധി തുടങ്ങിയവയും സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രി ഫാർമസി തുടങ്ങിയവയും ഇതുപാലിക്കണം. ഇതിനായി ജില്ലാ ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം, ഓൾ കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ(എ.കെ.സി.ഡി.എ.) എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കും. നിർദ്ദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും.


ആന്‍റിബയോട്ടിക് മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടവയാണ്. ഇവയുടെ പലതരത്തിലുള്ള ദുരുപയോഗം വലിയ പൊതുജനാരോഗ്യ ഭീഷണിയായി മാറിക്കഴിഞ്ഞു. ഡോക്ടർ നിർദ്ദേശിച്ച മരുന്ന് പൂർണമായും കഴിക്കുന്നതിനു മുൻപു തന്നെ നിർത്തുക, നിർദ്ദേശിച്ച കാലയളവിലും കൂടുതൽ കഴിക്കുക, കൃത്യമായി കഴിക്കാതിരിക്കുക, മുൻപ് ഡോക്ടർ നിർദ്ദേശിച്ച മരുന്ന് വീണ്ടും ഉപയോഗിക്കുക, മറ്റൊരാൾക്ക് സമാനമായ രോഗത്തിന് നിർദ്ദേശിച്ച മരുന്ന് വാങ്ങി കഴിക്കുക തുടങ്ങിയവയാണ് ഇത്തരത്തിൽ കണ്ടുവരുന്ന പ്രവണതകൾ.  ഇതുകൂടാതെ പനി തൊണ്ടവേദന, ജലദോഷം എന്നിവയ്ക്കും അനാവശ്യമായി ആന്‍റിബയോട്ടിക് മരുന്നുകൾ വാങ്ങിക്കഴിക്കുന്ന പ്രവണതയുണ്ട്.  

മൃഗങ്ങൾക്കും മത്സ്യങ്ങൾക്കും രോഗം ബാധിക്കാതിരിക്കാൻ മുൻകൂട്ടി ആന്‍റിബയോട്ടിക്കുകൾ ഭക്ഷണത്തിൽ കലർത്തി നൽകുന്ന പ്രവണതയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മൃഗങ്ങൾക്കും ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഇത്തരം മരുന്നുകൾ നൽകരുത്. മൃഗങ്ങൾക്കു ചികിത്സയുടെ ഭാഗമായി മൃഗഡോക്ടറുടെ നിർദ്ദേശപ്രകാരം ആന്‍റിബയോട്ടിക്കുകൾ നൽകിയാലും അതിനുശേഷം ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിൽ അവയുടെ പാൽ, മാംസം എന്നിവ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യാൻ പാടില്ല.  മാംസത്തിലൂടെയും പാലിലൂടെയും ആന്‍റിബയോട്ടിക് മരുന്നുകൾ മനുഷ്യരിലെത്തുന്നത് തടയാൻ ഇതിലൂടെ കഴിയും.

ബാക്റ്റീരിയ ഒഴികെ വൈറസ് ഉൾപ്പെടെയുള്ള രോഗാണുമൂലമുള്ള രോഗങ്ങൾക്കും ആന്‍റിബയോട്ടിക് പ്രയോജനം ചെയ്യില്ല. എന്നാൽ ദുരുപയോഗവും അമിതമായ ആന്‍റിബയോട്ടിക് ഉപയോഗവും മൂലം പല ബാക്ടീരിയകളും ആന്‍റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധം നേടുകയും പിന്നീട് രോഗം ബാധിച്ചാൽ ചികിത്സ വളരെ ചെലവേറിയതാവുകയും ചിലപ്പോൾ അസാധ്യമാവുകയും ചെയ്യുന്നു. ശസ്ത്രക്രിയകൾ നേരിടുന്നവർ, അർബുദ ചികിത്സ നേടുന്നവർ തുടങ്ങി രോഗപ്രതിരോധശേഷി കുറഞ്ഞവർ ഇത്തരം രോഗാണുക്കൾമൂലം പെട്ടെന്ന് രോഗബാധിതരാവുകയും മരണമടയുകയും ചെയ്യും എന്നതാണ് ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നം. ആരോഗ്യമുള്ളവരിലും പ്രതിരോധശേഷിയുള്ള ബാക്റ്റീരിയ ബാധയുണ്ടായാൽ ചികിത്സിച്ച് ഭേദമാക്കാനാവാതെവരികയും മുറിവുകൾ ഉണങ്ങാതിരിക്കുകയും ചെയ്യും.

ഈ സാഹചര്യത്തിൽ ജില്ലയിലെ ആന്‍റിബയോട്ടിക് ഉപയോഗം കർശനമായി നിരീക്ഷിക്കുമെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ. അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K