24 May, 2023 12:49:00 PM
കോവിഡിനേക്കാള്‍ മാരകമായ മഹാമാരിക്ക് സാധ്യത; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
ജനീവ: പുതിയ മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് 19 നെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ ലോകം തയാറായിരിക്കണം. കോവിഡിന്‍റെ പുതിയ വകഭേതം കാരണം അനേകം പേർ മരണപ്പെട്ടിട്ടുണ്ട്. ഒട്ടേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പുറമേ കൂടുതൽ മാരകമായേക്കാവുന്ന വൈറസിന്‍റെ ഭീഷണി ഉയർന്നുവരാനുള്ള സാധ്യതയുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഡാനം പറഞ്ഞു.
76-ാം ലോകാരോഗ്യ അസംബ്ലിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ടെഡ്രോസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇനി വരുന്ന പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യസംഘടനാ മേധാവി രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ അടുത്തിടെയാണ് പിൻവലിച്ചത്. എന്നാല്‍ ആഗോള ആരോഗ്യ ഭീഷണി ഇനിയും ഒഴിഞ്ഞുപോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ നാം ഒറ്റക്കെട്ടായി പുതിയ മഹാമാരിക്കെതിരെ പൊരുതാൻ ഒരുങ്ങിയിരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.