07 May, 2023 10:39:34 AM


ജീവന്‍വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്വകാര്യ ആശുപത്രിക്കെതിരെ അന്തരിച്ച രോഗിയുടെ ഭാര്യ

- സ്വന്തം ലേഖകന്‍



കൊച്ചി: ഭര്‍ത്താവിന്‍റെ അകാല വിയോഗത്തിന്  കാരണം ചികിത്സിച്ച സ്വകാര്യ ആശുപത്രിയുടെ പിടിപ്പുകേടാണെന്ന് ആരോപിച്ച് ഭാര്യ രംഗത്ത്. കോതമംഗലം പുത്തന്‍പുരയില്‍ കോളേജ് ജംഗ്ഷന്‍  സ്വദേശി പി.വി. ബിജു(51)വിന്‍റെ മരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഭാര്യ ദിവ്യ ബിജു ഫേസ്ബുക്ക് ഉള്‍പ്പെടെയുളള സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടത്.  കുറിപ്പിപ്പോള്‍ വൈറലായിരിക്കുകയാണ്.

രോഗം കണ്ടുപിടിക്കാനും തുടര്‍ചികിത്സക്കുമായി ലക്ഷങ്ങളാണ് ആശുപത്രി തട്ടിയെടുത്തതെന്നാണ് ദിവ്യയുടെ ആരോപണം. ഭര്‍ത്താവിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നതിന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തന്‍റെ കരള്‍ പകുത്തുനല്‍കുകയും ചെയ്തു. പക്ഷെ ഭര്‍ത്താവിന്‍റെ ജീവന്‍ രക്ഷപ്പെടുത്താനായില്ല. കൃത്യസമയത്ത് രോഗം കണ്ടുപിടിക്കാനായില്ലെന്നും മറ്റൊരു ആശുപത്രിയില്‍ ചെന്നപ്പോളാണ് രോഗം മൂര്‍ചിച്ച വിവരം അറിയുന്നതെന്നും ദിവ്യ ബിജു തന്‍റെ കുറിപ്പില്‍ പറയുന്നു.

ദിവ്യ ബിജുവിന്‍റെ കുറുപ്പിന്‍റെ പൂര്‍ണരൂപം:

"ഒരൽപ്പം നീണ്ട കുറിപ്പാണ്.. ഒരു 10 മിനിട്ട്  ചിലവാക്കി നിങ്ങൾ ദയവായി ഇത് വായിക്കണം... പ്രത്യേകിച്ചും നിങ്ങളോ നിങ്ങളുടെ ബന്ധുക്കളോ പരിചയത്തിൽ ഉള്ള ആരെങ്കിലുമൊ അവയവ മാറ്റത്തിനൊരുങ്ങുന്നുണ്ടെങ്കിൽ ദയവായി ഇത് അവർക്ക് ഷെയർ ചെയ്യുകയും അവരോടു  വിശദമായി അതിനെക്കുറിച്ചു ആഴത്തിൽ പഠിക്കാനും ആവശ്യപ്പെടണം... സ്വന്തം അനുഭവത്തിന്റെ തീച്ചൂളയിൽ അതിന്റെ വെളിച്ചത്തിൽ  നെഞ്ചിൽ തൊട്ടു  ഞാൻ കുറിക്കുന്ന വരികൾ ആണിവ..വേറൊരാൾക്കും ഇത് സംഭവിക്കാതിരിക്കട്ടെ...

ഏട്ടൻ പോയിട്ട് ഇന്ന് രണ്ടു മാസം തികയുന്നു....കരൾ പാതി പകുത്തു നൽകിയും രാത്രിയും പകലും കണ്ണിലെണ്ണ ഒഴിച്ച് നോക്കിയിരുന്നും കൈവെള്ളയിൽ ചേർത്തുപിടിച്ചും  സാധ്യമായതൊക്കെയും തന്നെ ചെയ്തിട്ടും ആ ജീവൻ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല....ഏട്ടന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഈ വീട്ടിൽ ഞാനും മക്കളും അമ്മയും തനിച്ചായി...

പതിയെ പതിയെ ആളുകളും തിരക്കും കുറഞ്ഞു വന്നു...ഇന്നിപ്പോ ചേക്കൊഴിഞ്ഞ കിളിക്കൂടു പോലെയായ ഈ വീട്ടിൽ ഏട്ടന്റെ വേർപാട് സൃഷ്‌ടിച്ച ശൂന്യതയ്ക്ക് നടുവിൽ ഇരുന്നു പിന്തിരിഞ്ഞു നോക്കുമ്പോൾ....മനസ്സിൽ നൂറു നൂറു ചോദ്യങ്ങൾ ഉയരുന്നു...

എങ്ങനെയാണ് ഏട്ടന്റെ നില ഇത്ര പെട്ടെന്ന് ഇത്ര ഗുരുതരം ആയതു? ഇത്രയും വേഗം ഏട്ടൻ മടങ്ങാൻ എന്തായിരുന്നു കാരണം...? എവിടെയാണ് വീഴ്ച വന്നത്? 95% വിജയസാധ്യത പറഞ്ഞ ഒരു സർജറിയിൽ നിന്നും മൂന്ന് മാസം കൊണ്ടു ആളെ തന്നെ കിട്ടാത്ത അവസ്ഥയിലേക്ക് എങ്ങനെയാണ് കാര്യങ്ങൾ എത്തിയത്? എന്താണ് Aster Medicity പറഞ്ഞ transplant success? സർജറി കഴിഞ്ഞു രോഗി കണ്ണ് തുറക്കുന്നതോ?ഏറ്റവും ആധുനികമായ സൗകര്യങ്ങൾ ഉള്ള Aster Medicity യിലെ പേര് കേട്ട  ഡോക്ടർമാർക്ക് എന്ത് കൊണ്ടു ഏട്ടന്റെ രോഗവസ്ഥ ഇത്രയും വഷളാണെന്ന് നേരത്തെ മനസ്സിലാകാതിരുന്നത്? രണ്ടര ലക്ഷം രൂപ ബില്ല് ചെയ്ത Pre Check up എന്തിന് വേണ്ടി ആയിരുന്നു?  അത്കൊണ്ടു Aster Medicity എന്താണ് ഉദ്ദേശിച്ചത്..ഒരു സാധാരണ scanning ഇൽ പോലും മനസിലാകുമായിരുന്ന കാര്യങ്ങളും ക്യാൻസറിന്റെ വ്യാപ്തിയും ലക്ഷങ്ങൾ ചെലവ് വന്ന ടെസ്റ്റുകളും രണ്ടു PET സ്കാനും നടത്തിയിട്ടും അവർക്ക് മനസ്സിലാകാതെ ഇരുന്നത് എന്ത് കൊണ്ടു..?  അതും Medicine മുതൽ  psychiatry വരെയുള്ള സകല വിഭാഗങ്ങളും പരിശോധിച്ചിട്ടും? എന്തിനായിരുന്നു  Pre check up എന്ന ആ പ്രഹസനം? ജീവിക്കാൻ ഉള്ള കൊതി കൊണ്ടു എല്ലാം വിറ്റുപെറുക്കി മുന്നിലെത്തുന്ന രോഗികളുടെ മേൽ ബില്ല് കൂട്ടാൻ വേണ്ടിയുള്ള ഒരു തട്ടിപ്പ് മാത്രമാണോ? ഇത്രയും ടെസ്റ്റുകൾ നടത്തിയിട്ടും , ക്യാൻസർ പടർന്നു വാരിയെല്ലുകൾ വരെ ദ്രവിച്ചു പോയിരുന്നു എന്ന് ആദ്യത്തെ സർജറി ചെയ്തപ്പോൾ അവർ കണ്ടെത്താതിരുന്നത് എന്ത് കൊണ്ടാണ്? വേദനാസംഹാരികൾ പോലും നൽകാതെ ആ മനുഷ്യനെ ഇങ്ങനെ നരകിക്കാൻ വിട്ടത് എന്തുകൊണ്ടാണ്?

35 ലക്ഷത്തോളം രൂപയും ഉറ്റവരുടെ അവയവങ്ങളും കൊടുത്തിട്ടും ഒരാളുടെ ജീവന് ഒരു Guarantee യും തരാൻ പറ്റാത്ത Multi speciality hospital ഉം അതിൽ Integrated Liver Care എന്നൊരു വിഭാഗവും Mathew Jacob , Charles Panakkal, എന്നിങ്ങനെ കുറെ Doctor മാരും എന്തിനുവേണ്ടി? എന്തിൽ ആണ് ഇവരുടെ വൈദഗ്ദ്യം? 
 കാര്യങ്ങളുടെ കിടപ്പും മെഡിക്കൽ റിപ്പോർട്ടുകൾ യഥാസമയം ഞങ്ങൾക്ക് ലഭ്യമാക്കാൻ നിങ്ങൾ കാണിച്ച വിമുഖതയും പല സംശയങ്ങളിലേക്കും ആണ് വിരൽ ചൂണ്ടുന്നത്.. ഏട്ടന്റെ ചികിത്സയുടെ കാര്യത്തിൽ ഗുരുതരമായ പിഴവുകൾ ആശുപത്രിക്ക് സംഭവിച്ചിരിക്കുന്നു... അല്ലെങ്കിൽ ഇതിനെക്കുറിച്ചെല്ലാം കൃത്യമായ വിവരം നേരത്തെ അവർക്ക് ഉണ്ടായിരുന്നു..

ഏട്ടന്റെ രോഗത്തേക്കുറിച്ചും ചികിത്സയെക്കുറിച്ചും ഏട്ടനെ സ്നേഹിക്കുന്നവരും പരിചയക്കാരും എല്ലാം ചോദിച്ച  ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി ആയി എനിക്കറിയാവുന്ന വിശദമായ വിവരങ്ങളും അതിന്റെ നാൾ വഴികളും ഞാൻ നിങ്ങളോടും പങ്കു വെയ്ക്കുന്നു....

ചന്നം പിന്നം തോരാ മഴപെയ്ത 2022 ജൂലൈ മാസത്തിലെ ഒരു നശിച്ച തിങ്കളാഴ്ച Rajagiri ഹോസ്പിറ്റലിൽ നടത്തിയ scanning ഇൽ ആണ് ഏട്ടന്റെ കരളിൽ ക്യാൻസർ ചില കുഞ്ഞ് മുഴകളുടെ രൂപത്തിൽ കടന്നു കൂടിയതായി കണ്ടെത്തിയത്...പുറത്തു പെയ്യുന്ന മഴയെക്കാൾ ശക്തമായ, പിന്നീടൊരിക്കലും തോരാത്ത ഒരു പെരുമഴ രണ്ടുപേരുടെയും മനസ്സിൽ ഒരുമിച്ചു ആർത്തലച്ചു പെയ്തു തുടങ്ങി....

ആദ്യത്തെ ഷോക്കിൽ നിന്നും കരകയറിയപ്പോൾ, സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പൊതുവായ അഭിപ്രായപ്രകാരം ഒരു സെക്കന്റ്‌ opinion എടുക്കാം എന്ന് കരുതി...കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ഹോസ്പിറ്റലുകളിൽ ഒന്നായ Aster Medi City ആണ് ഞങ്ങൾ അതിനായി തെരെഞ്ഞെടുത്തത് .. Report കൾ വിശദമായി പരിശോധിച്ച് ഡോക്ടർ പറഞ്ഞത് ഇന്നും വ്യക്തമായി ഓർക്കുന്നു....കരൾ മാറ്റി വെയ്ക്കുക ആണ് ഏറ്റവും ഫലപ്രദമായ പരിഹാരം. കീമോ ചെയ്താലും പിന്നീട് ഒരിക്കൽ അത് തിരിച്ചു വരാൻ ഉള്ള chance കൂടുതൽ ആണ്.........ഈ ഒരു സ്റ്റേജ് ഏറ്റവും safe ആണ്.. ഇപ്പോൾ ചെയ്താൽ അതിന്റെ വിജയസാധ്യത 95 ശതമാനം ആണ്....സാധാരണഗതിയിൽ ഈ ഒരു stage ഇൽ ഇത് കണ്ടു പിടിക്കാറ് പോലും ഇല്ലാ.. നിങ്ങൾക്ക് scan ചെയ്യാൻ തോന്നിയത് തന്നെ മഹാഭാഗ്യം....ഡോക്ടർ കൂട്ടിച്ചേർത്തു.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ആശുപത്രിയിലെ ഡോക്ടർമാരുടെ അഭിപ്രായം കൂടി കെട്ടപ്പോൾ Liver transplant എന്ന തീരുമാനത്തിലേക്കു എത്താൻ പിന്നെ ഒട്ടും വൈകിയില്ല. പണ്ടേ കരളിന്റെ കരളായ പാതി ജീവന് സ്വന്തം  കരൾ പാതി പകുത്തു നൽകാൻ എനിക്ക് രണ്ടാമതൊന്നു ആലോചിക്കാനും ഉണ്ടായിരുന്നില്ല...
(67 ശതമാനം )
ഓഗസ്റ്റ് മാസം ആദ്യ ആഴ്ച തന്നെ കരൾ മാറ്റത്തിനുള്ള പ്രാഥമിക ടെസ്റ്റുകൾ ആരംഭിച്ചു...രണ്ടര ലക്ഷം രൂപയാണ് ഈ ടെസ്റ്റുകൾക്ക് വന്ന ചെലവ്..എല്ലാ ടെസ്റ്റുകൾക്കും ഒടുവിൽ എന്റെയും ഏട്ടന്റെയും കരളുകൾ മാച്ച് ആകും എന്ന കാര്യം ഉറപ്പിച്ചതോടെ  വീണ്ടും പ്രതീക്ഷയുടെ നാളുകൾ....സെപ്റ്റംബർ 10 ലേക്ക് സർജറി പോസ്റ്റ്‌ ചെയ്തു ...

നാടൊട്ടുക്ക് ഓണമാഘോഷിക്കുന്ന വേളയിൽ ഞങ്ങൾ ഓപ്പറേഷൻ ടേബിളിലേക്കുള്ള തയ്യാറെടുപ്പിൽ ആയിരുന്നു...സെപ്റ്റംബർ 9 നു അഡ്മിറ്റ്‌ ആകുകയും സെപ്റ്റംബർ 10 നു സർജറിയും 
സർജറിക്കു ശേഷം 21 ദിവസം ആശുപത്രി വാസവും ആണ് പറഞ്ഞിരുന്നത്...സെപ്റ്റംബർ 10 നു രാവിലെ 9.00 മണിക്ക് ആരംഭിച്ച സർജറി 13 മണിക്കൂറോളം നീണ്ടു...

സർജറിക്കു ശേഷം 36 മണിക്കൂറുകളോളം Ventillator ലും 6 ദിവസം ICU വിലും ആയിരുന്നു...ICU വിൽ കിടന്ന നാളുകളിലും പിന്നീട് റൂമിൽ കിടന്ന നാളുകളിലും ആണ് ഏട്ടനെ ഞാൻ അവസാനമായി സന്തോഷത്തിൽ കാണുന്നത്.. Phone ചെയ്തവരോടും വീഡിയോ കോൾ ചെയ്ത അടുത്ത സുഹൃത്തുക്കളോടും പരിചയക്കാരോടും എല്ലാം സർജറിയുടെ വിശേഷങ്ങളും വിശദാശങ്ങളും ചിലരെ മുറിപ്പാടുകൾ വരെ കാണിച്ചുകൊണ്ടും ഉത്സാഹത്തിൽ സംസാരിച്ചു...നിറയെ തമാശകൾ പറഞ്ഞു...ചിരിച്ചു,..

എന്നാൽ സർജറി കഴിഞ്ഞു കാണുമ്പോൾ മുതൽ എല്ലാവരോടും റൗണ്ട്സിനു വരുന്ന ഡോക്ടർ മാരോടും ആവർത്തിച്ചു പറയുന്ന ഒരു കാര്യം ഉണ്ടായിരുന്നു.. പുറം വേദന... എന്നാൽ ഇത്രയും വലിയൊരു സർജറി കഴിഞ്ഞതല്ലേ Gas form ചെയ്യുന്നതാണ്, കുറച്ചു നടക്കൂ എന്ന ഒരു നിസ്സാര മറുപടി ആണ് അവർ നൽകിയത്...

21 ദിവസം ആശുപത്രിയിൽ   കിടക്കേണ്ടി വരും എന്ന് പറഞ്ഞ ഏട്ടനെ 14 ആം ദിവസം discharge ചെയ്തു

കോതമംഗലത്തേക്ക് ദൂരക്കൂടുതൽ ഉള്ളത് കൊണ്ടും ഇടയ്ക്കിടെ ചെക്ക് അപ്പ്‌ ആവശ്യമുള്ളതിനാലും ആശുപത്രിക്ക് അടുത്ത് ഒരു വീട് വാടകക്ക് എടുത്ത് അവിടെയാണ് പിന്നീട് 60 ദിവസങ്ങൾ താമസിച്ചത്. സർജറിക്കു 41കഴിഞ്ഞു ഒരു ദിവസം കടുത്ത backpain കാരണം ഒരു ദിവസം വീണ്ടും അഡ്മിറ്റ്‌ ചെയ്തു അപ്പോഴും gas ന്റെ പ്രശ്നം ആണ് എന്നാണ് പറഞ്ഞിരുന്നത്.
 Admit ചെയ്ത സമയത്തു CT, OGDSCOPY blood test തുടങ്ങി ആവശ്യം വേണ്ട പറഞ്ഞ എല്ലാ ടെസ്റ്റുകളും  ചെയ്തിരുന്നു. ഗ്യാസ്ന്റെ ആണ് back pain  എന്ന് പറഞ്ഞു അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു....

ഓരോ 10 ദിവസം കൂടുമ്പോഴും checkup ഉണ്ടായിരുന്നു എല്ലാത്തവണയും ഏട്ടൻ backpain പറയും അവർ ഗ്യാസ് ആണെന്ന് പറഞ്ഞു വിടും
 പിന്നെ രണ്ട് ആഴ്ച കഴിഞ്ഞു  വേദന തീരെ സഹിക്കാൻ പറ്റുന്നില്ലെന്ന്  പറഞ്ഞു നമ്മൾ ബലമായി ആയി അഡ്മിഷൻ ആവശ്യപ്പെടുകയും ചെയ്തു. CT scan എടുത്തു നോക്കിയെങ്കിലും ഒരു പ്രശ്നവും ഇല്ലാ എന്ന് പറഞ്ഞു വീട്ടിൽ വിട്ടു.... എന്നാൽ പിറ്റേ ദിവസം തനിയെ ഏട്ടന് എഴുന്നേറ്റു നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് എത്തിയതിനെ തുടർന്നു വീണ്ടും ഹോസ്പിറ്റലിൽ എത്തി അഡ്മിറ്റ്‌ ആയി....

 അപ്പോഴും അവരുടെ നിലപാട് ഇത് തന്നെ ആയിരുന്നു എന്നാൽ ഇത്തവണ വേദനക്ക് മരുന്ന് കൊടുത്തു.... എന്നാൽ വേദനക്ക് ഒരാശ്വാസവും ഉണ്ടായില്ല..

നവംബർ 26നു വൈകുന്നേരം ഡോക്ടർ വന്നു പറഞ്ഞു 22നു എടുത്ത CT യിൽ ഒരു പ്രശ്നം കാണുന്നുണ്ടു. Bone examine ചെയ്യണം bone ന്റെ CT എടുക്കണമെന്ന്. അതിന്റ result ഇൽ ആറിടത്തു growth ഉണ്ട് biopsy ക്ക് അയക്കണമെന്ന്. കൂടാതെ മാറ്റിവെച്ച ലിവറിൽ വരെ മൂന്നിടത്തു ഉണ്ടത്രെ..

അങ്ങനെ ആണ്  PET CT എടുക്കുകയും അതിൽ  പ്രശ്നങ്ങൾ കണ്ടത് കൊണ്ടു നവംബർ 30 ന് ഏട്ടനെ വീണ്ടും ഒരു സർജറിക്കു വിധേയൻ ആക്കുകയും ചെയ്തു

Left rib biopsy ക്ക് അയക്കാൻ surgery ചെയ്ത് rib ന്റെ കുറച്ചു ഭാഗം cut ചെയ്തു അവിടെ ഒരു പീസ് വച്ചു ജോയിൻ ചെയ്തു.

4.5 ലക്ഷം രൂപയാണ് ഈ സർജറിക്കായി ആശുപത്രി വീണ്ടും ചാർജ് ചെയ്തത് .

 സർജറി കഴിഞ്ഞു Dec 4നു ഡിസ്ചാർജ് ആയി..ശരീരം മുഴുവനും നീര്, വേദന കടുത്ത ഛർദി എന്നിവ ഉണ്ടായിട്ടു പോലും അവർ discharge ചെയ്യുകയാണ് ഉണ്ടായത്...Discharge ആവാൻ മടി കാണിച്ചപ്പോൾ Insurance ഇല്ലെങ്കിൽ discharge ആയി ക്കോളൂ എന്ന് ആണ് ഡോക്ടർ പറഞ്ഞത്... മാത്രവുമല്ല 
അത്രയും അവസ്ഥയിൽ ഉള്ള ഒരാൾക്ക്‌ Liver transplant ചെയ്തപ്പോൾ നൽകിയിരുന്ന medicine കൂടാതെ Dolo മാത്രം ആണ് തന്നു വിട്ടത് ...ഛർദി നിൽക്കാനുള്ള മരുന്നോ മറ്റെന്തെങ്കിലും വേദനസംഹാരികളോ ആവശ്യപ്പെട്ടിട്ടും ഏട്ടന് നൽകുകയുണ്ടായില്ല..

Discharge ചെയ്തു വീണ്ടും വീട്ടിൽ വന്നപ്പോ നിർത്താതെയുള്ള ഛർദിയും കൂടെ വേദന സഹിക്കാൻ പറ്റാത്ത അവസ്ഥയും ആയപ്പോൾ രണ്ടാമത്തെ ദിവസം തന്നെ ആംബുലൻസ് വിളിച്ചു രാജഗിരി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു

 അവിടെയുള്ള സ്കാനിങ്  reports കണ്ട ഡോക്ടർമാർ ആണ് ഏട്ടന്റെ അസുഖവും നിലവിലെ അവസ്ഥയും ശരിക്കും എന്താണെന്ന് ഞങ്ങൾക്ക് പറഞ്ഞു തന്നത്.

തിരിച്ചു പിടിക്കാൻ കഴിയാത്ത പോലെ ക്യാൻസർ ശരീരത്തിൽ പിടി മുറുക്കിയിരുന്നു അപ്പോഴേക്കും..ശരീരത്തിൽ ഒരുപാട് spread ഉണ്ട് വേദനസംഹാരികൾ മാത്രമാണ് ഇനി വേണ്ടത്. ഉടൻ തന്നെ ഛർദി നിൽക്കാൻ ഉള്ള മരുന്നുകൾ ആരംഭിക്കുകയും ചെയ്തു.

കാൻസർ ഇത്രയേറെ പരന്നിട്ടും ഇത്രയേറെ ടെസ്റ്റുകൾ ചെയ്തിട്ടും Aster മെഡിസിറ്റി യിലെ ഡോക്ടർമാർക്ക് ഇത് കണ്ടുപിടിക്കാൻ കഴിയാത്തതിൽ അമ്പരന്ന ഞങ്ങൾ എല്ലാ റിപ്പോർട്ടുകളും ആവശ്യപ്പെട്ടു.. എന്നാൽ അതിനോട് ഒരു തണുത്ത പ്രതികരണം ആണ് അധികൃതർ സ്വീകരിച്ചത്.. ആവർത്തിച്ചുള്ള ആവശ്യപ്രകാരം ആണ് അവർ റിപ്പോർട്ടുകൾ കൈമാറാൻ തയ്യാറായതു തന്നെ...
 Biopsy report നോക്കിയല്ലാതെ PET CT മാത്രം നോക്കിയാൽ മനസിലാകുമായിരുന്ന ഒരു കാര്യം അവരെന്തു കൊണ്ടു കണ്ട് പിടിച്ചില്ല എന്നത് ഇന്നും ഒരു ചോദ്യം ചിഹ്നമാണ്...

ഒരു വലിയ സർജറി കഴിഞ്ഞു മൂന്നു മാസം പോലും ആകുന്നതിനു മുന്നേ അടുത്ത മറ്റൊരു വലിയ സർജറി, മരുന്നുകൾ ഇതൊക്കെ താങ്ങാൻ രോഗാതുരമായ ആ ശരീരത്തിനു പറ്റിയില്ല,  അത് കൊണ്ട് തന്നെ ഒന്നും ചെയ്തു നോക്കാൻ രാജഗിരിയിലെ ഡോക്ടർമാർക്ക് പറ്റാത്ത അവസ്ഥയായി .

രാവും പകലും കാർന്നു തിന്നുന്ന വേദനയുമായി  നീറുന്ന ഏട്ടനെ നോക്കി നിസ്സഹായരായി ഇരിക്കുക എന്നതിന് അപ്പുറം ഞങ്ങൾക്കും ഒന്നും ചെയ്യാൻ ഉണ്ടായില്ല എന്നതാണ് സത്യം.. ഇതിനിടയിൽ പലപ്പോഴും കാണാൻ വന്ന സുഹൃത്തുക്കളോടും,  വേദന കൊണ്ടു ഉറങ്ങാത്ത രാത്രികളിൽ എന്നോടും പറഞ്ഞ ഒരു കാര്യമുണ്ട്, ഇവിടെ നിന്നൊന്നു എഴുന്നേറ്റു വരാൻ പറ്റിയാൽ പോകുന്നുണ്ട് അവരെക്കണ്ടു നേരിട്ട് ചോദിക്കാൻ.... എന്തിനാണ് ഈ ചതി ചെയ്തതെന്ന്.....

ചോദ്യങ്ങൾ ചോദിക്കാൻ പിന്നീട് ഏട്ടൻ എഴുന്നേറ്റു വന്നില്ല....
കാർന്നു തിന്നുന്ന വേദന യുടെ ലോകം വിട്ട് കരൾ മാറ്റം കഴിഞ്ഞു നാലുമാസം  ആയപ്പോ ഏട്ടൻ മടങ്ങി... വേദനകൾ ഇല്ലാത്ത ലോകത്തേക്ക്....

പക്ഷെ ഏട്ടൻ ചോദിച്ച, ഞാനും എന്റെ മക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോഴും ചോദിക്കുന്ന ആ ചോദ്യങ്ങൾ എനിക്ക് ചോദിച്ചേ പറ്റൂ.. എന്റെ മനസ്സമാധാനത്തിന് വേണ്ടിയെങ്കിലും.... എന്റെ... ഏട്ടന് വേണ്ടിയും..."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K