10 April, 2023 11:49:53 AM
മലയാളികളുടെ തീന്‍മേശയില്‍ കോളിഫോം ബാക്ടീരിയ മുതൽ മാരകവിഷം വരെ
തിരുവനന്തപുരം: മലയാളികളുടെ തീന്‍മേശയിലെത്തുന്നത് മാരക രാസവസ്തുക്കളും കീടനാശിനികളും കളനാശിനികളും കലര്‍ന്ന ഭക്ഷണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ കണ്ടെത്തല്‍. രണ്ട് വര്‍ഷത്തിനിടെ ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ആഹാരസാധനങ്ങളുടെ വിശദ ലാബ് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികളുടെ അമിത സാന്നിധ്യവും ഖന ലോഹാംശങ്ങളും ആന്‍റിബയോട്ടിക്കുകളും ആഹാരപദാര്‍ഥങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത നിറക്കൂട്ടുകളും മുതല്‍ വിസര്‍ജ്യങ്ങളില്‍ കാണുന്ന കോളിഫോം ബാക്ടീരിയ വരെ ഭക്ഷ്യപദാര്‍ഥങ്ങളില്‍ കണ്ടെത്തി.
രണ്ട് വര്‍ഷത്തിനിടെ നടത്തിയ പരിശോധനയില്‍ മാത്രം ഇത്തരത്തിലുള്ള 198 വിഷ പദാര്‍ഥങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. മാസാലപ്പൊടികളിലും ശര്‍ക്കരയിലുമടക്കം വിപണിയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളിലാണ് കീടനാശിനികളുടെ സാന്നിധ്യമെന്നതിനാല്‍ ഹോട്ടല്‍ ഭക്ഷണത്തില്‍ മാത്രമാണ് രാസസാന്നിധ്യം എന്ന് സമാധാനിക്കാനാകില്ല. ഹോട്ടലുകാര്‍ സാധനങ്ങള്‍ക്കായി ആശ്രയിക്കുന്ന വിപണിയെത്തന്നെ വീട്ടുകാരും ആശ്രയിക്കുന്നുവെന്നതിനാല്‍ വീട്ടുഭക്ഷണവും സുരക്ഷിതമല്ലെന്ന് വ്യക്തമാണ്.
തുണിത്തരങ്ങളില്‍ നിറം കൊടുക്കാനുപയോഗിക്കുന്ന റോഡമിന്‍റെ വലിയ സാന്നിധ്യമാണ് ശര്‍ക്കരയില്‍ കണ്ടെത്തിയത്. ഭക്ഷണവസ്തുക്കളില്‍ ഒരിക്കലും ചേര്‍ക്കാന്‍ പാടില്ലാത്ത, കാന്‍സറിനടക്കം കാരണമാകുന്ന രാസവസ്തുവാണ് റോഡമിന്‍. ടാര്‍ട്ടസിന്‍ എന്ന രാസവസ്തു ചിപ്സ്, മിക്സ്ചര്‍ എന്നിവയില്‍ ചേര്‍ക്കല്‍ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ രണ്ടുവര്‍ഷത്തെ പരിശോധനക്കിടയില്‍ ഇവ ചേര്‍ന്ന ചിപ്സും മിക്സ്ചറുകളും വിപണിയില്‍ സുലഭം. മുളകുപൊടി, മല്ലിപ്പൊടി എന്നിവയിലാണ് കീടനാശിനികളുടെ സാന്നിധ്യം കൂടുതല്‍.
കോപ്പര്‍, നിക്കല്‍ ലോഹങ്ങളുടെ സാന്നിധ്യമാണ് മറ്റൊന്ന്. അരിയും മറ്റും പൊടിക്കുന്ന മില്ലുകളിലെ യന്ത്രഭാഗങ്ങള്‍ ഉരഞ്ഞാണ് ഇവയുടെ അംശം ഭക്ഷണത്തില്‍ കലരുന്നത്. പാലില്‍ ആന്‍റിബയോട്ടിക് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചികിത്സാര്‍ഥം പശുവിന് നല്‍കുന്ന മരുന്നില്‍ നിന്നാണ് പാലില്‍ ആന്‍റിബയോട്ടിക് സാന്നിധ്യമുണ്ടാകുന്നത്. ബ്രഡിലും മറ്റുമുള്ള ചുവന്ന നിറത്തിലെ മൃദുവായ ടൂട്ടി ഫ്രൂട്ടിയില്‍ കാര്‍മോയിസിന്‍ എന്ന നിറം ചേര്‍ക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥയുള്ളതെങ്കിലും ഇത് വ്യാപകമായി മറികടക്കുകയാണ്.
ഏതാനും ധാന്യപ്പൊടികളില്‍ യൂറിയ, യൂറിക് ആസിഡ് എന്നിവയുടെ സാന്നിധ്യം വിരല്‍ചൂണ്ടുന്നത് ഇവയില്‍ എലിക്കാഷ്ഠം കലര്‍ന്നിട്ടുണ്ട് എന്നതിലേക്കാണ്. ഗോതമ്പില്‍ എലിക്കാഷ്ഠം ഉണ്ടെങ്കില്‍ അത് പൊടിച്ചാല്‍ കണ്ടെത്താനാകില്ല. എന്നാല്‍ പൊടി പരിശോധിച്ചതില്‍ നിന്നാണ് ഈ നിഗമനത്തിലേക്ക് ഭക്ഷ്യസുരക്ഷവകുപ്പ് എത്തിയത്.