06 April, 2023 12:45:03 PM
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5335 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്കാണിത്. ഇപ്പോൾ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 25,587 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് 4,777 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് അനുസരിച്ച് ദേശീയ കോവിഡ് -19 രോഗമുക്തി നിരക്ക് 98.75% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,826 രോഗികൾ സുഖം പ്രാപിച്ചപ്പോൾ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,41,82,538 ആയി ഉയർന്നു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവുമാണ്. മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി 220.66 കോടി ഡോസ് കോവിഡ് -19 വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്.
കോയമ്പത്തൂരിൽ ബുധനാഴ്ച, 55 കാരിയായ സ്ത്രീ മരിച്ചത് കോവിഡ് മൂലമാണെന്ന് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാൻസറും ശ്വാസകോശ രോഗവുമുള്ള ഇവരെ മാർച്ച് 17 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യനില വഷളായതോടെ ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും അദ്ദേഹത്തിന്റെ മുൻഗാമി വസുന്ധര രാജെയ്ക്കും കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചതായും തനിക്ക് രോഗം പിടിപെട്ടതായും ഗെലോട്ട് ട്വീറ്റ് ചെയ്തിരുന്നു. "എനിക്ക് കൊവിഡിന്‍റെ നേരിയ ലക്ഷണങ്ങൾ ബാധിച്ചിട്ടുണ്ട്. ഡോക്‌ടർമാരുടെ ഉപദേശപ്രകാരം, കുറച്ച് ദിവസത്തേക്ക് ഞാൻ എന്‍റെ വസതിയിൽ നിന്ന് ജോലി തുടരും. എല്ലാവരും ശ്രദ്ധിക്കുകയും കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുകയും വേണം,"- ഗെഹ്ലോട്ട് പറഞ്ഞു.
കോവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ ക്വാറന്‍റീനിലാണെന്ന് വസുന്ധരരാജെ രാജെ ട്വീറ്റിൽ പറഞ്ഞു. "എന്‍റെ കോവിഡ് പരിശോധനാ റിപ്പോർട്ട് പോസിറ്റീവാണ്. ഡോക്ടർമാരുടെ ഉപദേശപ്രകാരം ഞാൻ ക്വാറന്‍റീനിലാണ്, "അവർ ട്വീറ്റ് ചെയ്തു.