27 March, 2023 11:20:12 AM
കോവിഡ് കേസുകളിൽ വന്‍വർധനവ് ; ഉന്നതതല യോഗം ഇന്ന് വൈകുന്നേരം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വന്‍ വർധന. 7 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1805 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ആക്‌ടീവ് കേസുകളുടെ എണ്ണം 10,000 കടന്നു.
മാഹാരാഷ്ട്രയിലും ഗുജറത്തിലും 2 വീതവും കേരളത്തിൽ 3 പേരുമാണ് കോവിഡ് ബാധിച്ചു മരിച്ചത്. അതേസമയം സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പ്രകാരം ആക്‌ടീവ് കേസുകളുടെ പട്ടികയിൽ കേരളമാണ് ഒന്നാമത്.
രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഇന്ന് വൈകുന്നേരം സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസിങ് വഴി യോഗം നടത്തും.
ഏപ്രിൽ 10-11 തീയതികളിൽ രാജ്യവ്യാപകമായി ഒരു മോക്ക് ഡ്രില്ലും ആസൂത്രണം ചെയ്തിട്ടുണ്ട്, അതിൽ എല്ലാ ജില്ലകളിലെയും ആരോഗ്യ സ്ഥാപനങ്ങൾ പങ്കെടുക്കും. മോക്ക് ഡ്രില്ലിന്‍റെ വിശദാംശങ്ങൾ ഇന്നത്തെ യോഗത്തിൽ അറിയിക്കും.