15 March, 2023 01:50:05 PM


ഇന്ത്യയിൽ എച്ച്3എന്‍2 വ്യാപിക്കുന്നു; പുതുച്ചേരിയിൽ പത്ത് ദിവസം സ്കൂളുകൾക്ക് അവധി



പുതുച്ചേരി: രാജ്യത്ത് എച്ച്3എന്‍2 വ്യാപനം തുടരുന്നു. മഹാരാഷ്ട്രയിൽ എച്ച്3എന്‍2 ബാധിച്ച് ഒരാൾ മരിച്ചു. അഹ്മദ് നഗറിലെ മെഡിക്കൽ വിദ്യാർത്ഥിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഇതുവരെ മഹാരാഷ്ട്രയിൽ മാത്രം 352 എച്ച്3എന്‍2കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


മരണപ്പെട്ട വിദ്യാർത്ഥിക്ക് കോവിഡ് പോസിറ്റീവും എച്ച്3എന്‍2 വും സ്ഥിരീകരിച്ചിരുന്നു. പരിശോധനാഫലങ്ങൾ പുറത്തു വന്നാൽ മാത്രമേ എച്ച്3എന്‍2 ആണോ മരണകാരണം എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.


മഹാരാഷ്ട്രയിലേതുൾപ്പെടെ ഇന്ത്യയിൽ മൂന്ന് മരണങ്ങളാണ്  എച്ച്3എന്‍2 മൂലം റിപ്പോർട്ട് ചെയ്തത്. ഹരിയാന, കർണാടക സംസ്ഥാനങ്ങളിലാണ് നേരത്തേ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം എച്ച്3എന്‍2 വ്യാപനത്തെ തുടർന്ന് പുതുച്ചേരിയിൽ സ്കൂളുകൾക്ക് പത്ത് ദിവസം അവധി പ്രഖ്യാപിച്ചു. മാർച്ച് 16 മുതൽ മാർച്ച് 26 വരെയാണ് അവധി. പുതുച്ചേരിയിൽ മാർച്ച് 11 വരെ 79 ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.


H3N2 ഇൻഫ്ളുവെൻസ വൈറസ് പ്രതിരോധിക്കാൻ

വെള്ളവും സോപ്പും ഉപയോ​ഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക

മാസ്ക് ഉപയോ​ഗിക്കുകയും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുകയും ചെയ്യുക.

മുഖവും മൂക്കും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക

ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപെടാൻ ഇടവരുത്താതിരിക്കുകയും ചെയ്യുക

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക

പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാൽ പ്രിസ്ക്രൈബ് ചെയ്ത മരുന്നുകൾ മാത്രം കഴിക്കുക

ആന്റിബയോട്ടിക്കുകൾ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K