11 March, 2023 12:34:12 PM


സ്ത്രീകളുടെ ജീവന് ഭീഷണിയായേക്കാവുന്ന 12 രോഗങ്ങൾ; അറിയാതെ പോകരുത്തിരുവനന്തപുരം: സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമായ കുടുംബത്തിന്‍റെ ആണിക്കല്ലാണ് സ്ത്രീ. സ്ത്രീകളുടെ ആരോഗ്യം മുഴുവൻ കുടുംബത്തിന്‍റെയും അടിസ്ഥാനമാണ്. എന്നാൽ പലപ്പോഴും കുടുംബത്തിലുള്ളവരും സ്ത്രീകൾ തന്നെയും അവരുടെ ആരോഗ്യത്തിന് മുൻഗണന നൽകാറില്ല. ഒരു മെഡിക്കൽ എമർജൻസി ഇല്ലെങ്കിൽ വിദ്യാസമ്പന്നരായ സ്ത്രീകൾ പോലും അവരുടെ ആരോഗ്യകാര്യങ്ങൾക്ക് യാതൊരു പരിഗണനയും നൽകാറില്ല. എന്നാൽ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമാണ്. സ്ത്രീകളുടെ ജീവിതത്തിലെ ഓരോ പത്ത് വർഷത്തിലോ ഇരുപത് വർഷത്തിലോ അവരുടെ ശരീരത്തിലെ ഹോർമോൺ മാറ്റങ്ങളുൾപ്പെടെയുള്ളവയാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നനങ്ങൾ വിലയിരുത്തുകയും ആവശ്യമെങ്കിൽ ചികിത്സ തേടുകയും വേണം.


കൗമാരപ്രായമാണ് പെൺകുട്ടികളുടെ ശരീരത്തിൽ ഉണ്ടാകുന്ന ആദ്യത്തെ പ്രധാന മാറ്റം. ഇത് എല്ലാ പെൺകുട്ടികൾക്കും ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടമാണ്. ഇത് മാറ്റത്തിന്‍റെയും ദ്രുതഗതിയിലുള്ള വളർച്ചയുടെയും കാലഘട്ടമാണ്. ഉയരം, ഭാരം, ഹോർമോൺ മാറ്റങ്ങൾ എന്നിവയെല്ലാം ജീവിതത്തിലെ ഈ പത്ത് വർഷത്തിനുള്ളിൽ സംഭവിക്കുന്നു.
പൊതുവിൽ സ്ത്രീകളുടെ ജീവന് തന്നെ അപകടകരമായേക്കാവുന്നതും എന്നാൽ മാരകമാകുവോളം ശ്രദ്ധിക്കപെടാത്തതുമായ പന്ത്രണ്ട് രോഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.


1. അനീമിയ

കൗമാരക്കാരായ പെൺകുട്ടികളിൽ കണ്ടുവരുന്ന ഒരു സാധാരണ പ്രശ്നമാണ് അനീമിയ അഥവാ വിളർച്ച. മോശം ഭക്ഷണ രീതി, പോഷകങ്ങൾ കുറഞ്ഞ ഭക്ഷണ ശീലങ്ങൾ എന്നിവയാണ് ഇതിന് പ്രധാന കാരണം. അയൺ, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ വിളർച്ച ഒഴിവാക്കാൻ സഹായിക്കും. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളിൽ കോഴിയിറച്ചി, ബീൻസ്, ഇലക്കറികൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ഉൾപ്പെടുന്നു. സിട്രസ് പഴങ്ങൾ, പപ്പായ, കുരുമുളക്, ചീര എന്നിവയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ധാന്യങ്ങൾ, ഇലക്കറികൾ, മുട്ട, നിലക്കടല, വിത്തുകൾ എന്നിവയിൽ നിന്ന് ശരീരത്തിന് ആവശ്യമായ ഫോളേറ്റ് ലഭിക്കും.


2. ഭക്ഷണ ക്രമക്കേടുകൾ

കൗമാരപ്രായം പെൺകുട്ടികളെ അവരുടെ രൂപത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘട്ടമാണ്. ശരീരത്തിന്‍റെ ആകൃതിയും വലിപ്പവും, ചർമ്മപ്രശ്‌നങ്ങളും എല്ലാം ഹോർമോൺ വ്യതിയാനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന സാധാരണ കാര്യങ്ങളാണ്. ഈ സമയത്ത് ആരോഗ്യകരമായ ശരീരഭാരത്തിനും ചർമ്മത്തിനും പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യമാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്‍റെ തിളക്കം നിലനിർത്താൻ സഹായിക്കും. ധാന്യങ്ങൾ കഴിക്കുന്നത് കുടലിനെ ആരോഗ്യകരമായി നിലനിർത്തുന്ന നാരുകൾ ലഭ്യമാക്കും.


3. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്)/ പോളിസിസ്റ്റിക് ഓവറി ഡിസീസ് (പിസിഒഡി)

ഈ രോഗം മിക്കവാറും ഗർഭധാരണത്തിനും മറ്റും തടസങ്ങൾ നേരിടുമ്പോഴാണ് പൊതുവെ കണ്ടെത്താറുള്ളത്. ഇത് ഒരു ഹോർമോൺ അസന്തുലിതാവസ്ഥയാണ്. അമിതവണ്ണം, ഇൻസുലിൻ റെസിസ്റ്റൻസ് എന്നിവയാണ് സാധാരണ പാർശ്വഫലങ്ങൾ. കാർബോഹൈഡ്രേറ്റ്, മധുരമുള്ള ഭക്ഷണം, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കേണ്ടത് ആവശ്യമാണ്. ധാന്യങ്ങളും പയർവർഗ്ഗങ്ങളും ഇൻസുലിൻ റെസിസ്റ്റൻസ് തടയാൻ സഹായിക്കുന്നു. കൃത്യമായ ഭക്ഷണരീതികളും നേരത്തെ അത്താഴം കഴിക്കുന്നതും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. പഴങ്ങളും അണ്ടിപ്പരിപ്പുകളും വിത്തുകളും കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മുടങ്ങാതെയുള്ള വ്യായാമവും അത്യാവശ്യമാണ്.


4. അസ്ഥികളുടെ ആരോഗ്യം

സ്ത്രീകളിലെ അസ്ഥികളുടെ ആരോഗ്യം 30കളിൽ കുറയാൻ തുടങ്ങും. മതിയായ അളവിൽ കാൽസ്യം കഴിക്കുന്നതിനൊപ്പം വ്യായാമം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. കാൽസ്യത്തിന്‍റെ ഏറ്റവും മികച്ച ഉറവിടമാണ് പാലുൽപ്പന്നങ്ങൾ. ദിവസവും 500 മില്ലി പാൽ, പനീർ, എന്നിവ കഴിക്കണം. വെജിറ്റേറിയൻ സോയാ മിൽക്ക് തിരഞ്ഞെടുക്കാം. ഇവ എല്ലുകളുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനും ഫോസ്ഫറസും നൽകുന്നു. സ്ത്രീകൾക്ക് 40-നും 50-നും ഇടയിൽ പ്രായമാകുമ്പോൾ ശാരീരിക പ്രവർത്തനങ്ങൾ കൂടുതൽ മന്ദഗതിയിലാകും. കൂടുതൽ ആരോഗ്യകരമായ ജീവിതത്തിന് ശ്രദ്ധ നൽകേണ്ട നിർണായക സമയമാണിത്.


5. ശരീരഭാരം

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൊഴുപ്പ് കൂടുതലാണ്. ഇത് പ്രായമാകുമ്പോൾ ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും പേശി ബലപ്പെടുത്താനും ദിവസവും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ചിക്കൻ, മുട്ട, പാലുൽപ്പന്നങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവയിൽ നിന്ന് ആവശ്യമായ പ്രോട്ടീനുകൾ ലഭിക്കും. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ജലാംശത്തിനായി ധാരാളം വെള്ളവും കലോറിരഹിത പാനീയങ്ങളും കുടിക്കുക. കൂടുതൽ സസ്യാഹാരം കഴിക്കുന്നതും മാംസാഹാരം കുറയ്ക്കുന്നതും ശരീരഭാരം നിലനിർത്താൻ സഹായിക്കും.


6. ആർത്തവവിരാമം

സ്ത്രീകളിൽ സംഭവിക്കുന്ന ഒരു പ്രധാന ഹോർമോൺ വ്യതിയാനമാണ് ആർത്തവവിരാമം. സ്ത്രീ ഹോർമോണായ ഈസ്ട്രജൻ കുറയുന്നതിനനുസരിച്ച് ഹൃദ്രോഗങ്ങൾക്കെതിരായ പ്രവർത്തനവും കുറയുന്നു. രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ഈ സമയത്ത് ആവശ്യമാണ്.7.ഹൃദ്രോഗം
ആർത്തവവിരാമത്തോടെ, കൊളസ്ട്രോൾ വർദ്ധനവ്, രക്തക്കുഴലുകളുടെ ഭിത്തികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറികളും പഴങ്ങളും, പരിപ്പ്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും 30-40 മിനിറ്റ് വ്യായാമവും ഹൃദ്രോഗം തടയാൻ സഹായിക്കും.


8. പ്രമേഹം

ആർത്തവവിരാമം നേരിട്ട് പ്രമേഹത്തിന് കാരണമാകില്ലെങ്കിലും, ഹോർമോൺ മാറ്റങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുകയും അതുമൂലമുണ്ടാകുന്ന രക്തസമ്മർദ്ദത്തിന്റെ വർദ്ധനവ് പ്രമേഹ സാധ്യത വേഗത്തിലാക്കുകയും ചെയ്തേക്കാം. കാർബോഹൈഡ്രേറ്റുകളും നാരുകളും അടങ്ങിയ സസ്യാധിഷ്ഠിത ഭക്ഷണത്തോടൊപ്പം ശരിയായ സമയത്ത് ശരിയായ അളവിൽ സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കുക. വ്യായാമവും അത്യാവശ്യമാണ്.


9. ഉഷ്ണം

ആർത്തവവിരാമ സമയത്ത് സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഉഷ്‌ണം. എന്നാൽ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന സ്ത്രീകൾക്ക് രോഗലക്ഷണങ്ങൾ കുറവായിരിക്കും. സോയ, സോയ ഉൽപ്പന്നങ്ങൾ, ഓട്സ്, ബാർലി, കാരറ്റ്, ആപ്പിൾ, എള്ള്, ഗോതമ്പ്, ബീൻസ്, എന്നിവ ആരോഗ്യത്തിന് വളരെ നല്ലതാണ്. സ്ത്രീകൾ അവരുടെ 60-കളിലും 70-കളിലും പ്രവേശിക്കുമ്പോൾ അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തേണ്ടത് നിർണായകമാണ്. രോഗങ്ങൾ തടയുന്നതിന് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന വളരെ പ്രധാനമാണ്.


10. മാനസികാരോഗ്യം

വിഷാദവും ഉത്കണ്ഠയും സ്ത്രീകളിലെ സുവർണ്ണ കാലഘട്ടത്തിലെ സാധാരണ പ്രശ്നങ്ങളാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണ്. ആവശ്യത്തിന് കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് തലച്ചോറിനെ പുഷ്ടിപ്പെടുത്താൻ സഹായിക്കുന്നു.


11. ബലഹീനത

വിശപ്പില്ലായ്മ കാരണം ബലഹീനത ഉണ്ടാകാം. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നത് പേശികളുടെ ശക്തി നിലനിർത്താൻ സഹായിക്കും. ആവശ്യമെങ്കിൽ പ്രോട്ടീൻ സപ്ലിമെന്റ് എടുക്കുന്നതിനെക്കുറിച്ച് ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടാവുന്നതാണ്. ആവശ്യത്തിന് ജലാംശം ശരീരത്തിൽ നിലനിർത്തണം. അതിനാൽ വൈകുന്നേരം 6 മണിക്ക് മുമ്പ് പരമാവധി വെള്ളം കുടിക്കുക.


12. മലബന്ധം

മോശം ഭക്ഷണ ശീലങ്ങൾ, ഭക്ഷണം ഒഴിവാക്കൽ, അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ എന്നിവ കാരണം മലബന്ധം ഉണ്ടാകാം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശരിയായ അളവിൽ കഴിക്കുന്നതും പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കഴിക്കുന്നതും കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. നടത്തം പോലുള്ള വ്യായാമങ്ങളും ഗുണകരമാണ്.Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K