10 March, 2023 02:34:02 PM
പ്രോട്ടീൻ സപ്ലിമെന്‍റുകൾ കഴിക്കുമ്പോള്‍ പാര്‍ശ്വഫലങ്ങൾ കൂടി അറിഞ്ഞിരിക്കുക
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കൾ ആയവരും അത്ലറ്റുകളും മസിലുകൾ വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവരും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് പ്രോട്ടീൻ സപ്ലിമെന്‍റുകൾ. പൊടികൾ, ബാറുകൾ, ഷേക്കുകൾ എന്നിങ്ങനെ വിവിധ രൂപങ്ങളിൽ പ്രോട്ടീൻ സപ്ലിമെന്‍റുകൾ. ലഭ്യമാണ്. മസിലുകളുടെ വളർച്ചയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും മൊത്തത്തിൽ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സൗകര്യപ്രദവും ഫലപ്രദവുമായ മാർഗ്ഗമെന്ന നിലയ്ക്കാണ് ഇവ വിപണിയിലെത്തുന്നത്.
പ്രോട്ടീൻ സപ്ലിമെന്‍റുകൾക്ക് നിരവധി ഗുണങ്ങൾ ഉള്ളപ്പോഴും അവയുടെ പാർശ്വഫലങ്ങളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മറ്റേതൊരു സപ്ലിമെന്‍റു മരുന്നുകളും പോലെ തന്നെ പ്രോട്ടീൻ സപ്ലിമെന്‍റുകളും അമിതമായ അളവിൽ അല്ലെങ്കിൽ ഡോക്ടറുടെ മാർഗനിർദേശമില്ലാതെ കഴിക്കുന്നത് ശരീരത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.
ദഹനപ്രശ്നങ്ങൾ മുതൽ പോഷകാഹാരക്കുറവ് വരെ പ്രോട്ടീൻ സപ്ലിമെന്‍റുകളുടെ അമിതവും അനിയന്ത്രിതവുമായ ഉപയോഗം മൂലമുണ്ടാകാകുന്ന നിരവധി പാർശ്വഫലങ്ങളുണ്ട്. പ്രോട്ടീൻ സപ്ലിമെന്‍റുകൾ നിങ്ങളുടെ ഫിറ്റ്നസ് ഡയറ്റിൽ ചേർക്കുന്നതിന് മുമ്പ് അവയുടെ പാർശ്വഫലങ്ങൾ കൂടി അറിഞ്ഞിരിക്കണം.
ദഹന പ്രശ്നങ്ങൾ: അമേരിക്കയിലെ നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നത് അനുസരിച്ച് പ്രോട്ടീൻ സപ്ലിമെന്‍റുകൾ കഴിക്കുന്നത് വയറുവേദന, ഗ്യാസ് തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും എന്നാണ്. വലിയ അളവിലുള്ള പ്രോട്ടീൻ ദഹിപ്പിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന ചില സന്ദർഭങ്ങളിൽ ഇങ്ങനെ ദഹന പ്രശ്നങ്ങൾ ഉണ്ടാകാം. അമിതമായ അളവിൽ പ്രോട്ടീൻ സപ്ലിമെന്‍റുകൾ കഴിക്കുമ്പോഴാണ് ഇതുണ്ടാകുന്നത്.
നിർജ്ജലീകരണം: പ്രോട്ടീൻ പ്രോസസ്സ് ചെയ്യുന്നതിന് ശരീരത്തിന് കൂടുതൽ വെള്ളം ആവശ്യമുള്ളതിനാൽ ഉയർന്ന അളവിൽ പ്രോട്ടീൻ സപ്ലിമെന്‍റുകൾ കഴിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാകുമെന്ന് ചില മുൻകാല പഠനങ്ങൾ പറയുന്നു. വ്യായാമ വേളയിൽ അമിതമായി വിയർക്കുന്ന അത്ലറ്റുകൾക്ക് ഇത് പ്രത്യേകിച്ചും പ്രശ്നങ്ങൾ ഉണ്ടാക്കും, കാരണം അവർക്ക് ശരീരത്തിൽ നിന്ന് കൂടുതൽ ദ്രാവകങ്ങളും ഇലക്ട്രോലൈറ്റുകളും ഇത് മൂലം നഷ്ടപ്പെടാനിടയുണ്ട്.
കിഡ്നി തകരാർ: അമിതമായി പ്രോട്ടീൻ കഴിച്ചാൽ വൃക്കകൾക്ക് കൂടുതൽ സമ്മർദ്ദം അനുഭവപ്പെട്ടേക്കാം, ഇത് ഒടുവിൽ നിങ്ങളുടെ വൃക്ക തകരാറിലാകുന്ന അവസ്ഥയിലേയ്ക്ക് നയിച്ചേക്കാം. കിഡ്‌നി പ്രശ്‌നങ്ങൾ ഉള്ളവരും പ്രോട്ടീൻ ധാരാളം കഴിക്കുന്നവരും ഇത് പ്രത്യേകം ശ്രദ്ധിക്കണം.
അസ്ഥികളുടെ തേയ്മാനം: ഉയർന്ന അളവിൽ പ്രോട്ടീൻ കഴിക്കുന്നത് അസ്ഥികളുടെ തേയ്മാനത്തിന് കാരണമാകുമെന്ന് ചില പഠനങ്ങൾ പറയുന്നു. അമിതമായി പ്രോട്ടീൻ കഴിക്കുന്നത് മൂത്രത്തിലൂടെ കാൽസ്യം പുറന്തള്ളുന്നത് വർദ്ധിപ്പിക്കും. കാൽസ്യം കുറയുന്നത് സ്വാഭാവികമായും അസ്ഥികളെ പ്രതികൂലമായി ബാധിക്കും.
ശരീരഭാരം കൂടും: പ്രോട്ടീൻ സപ്ലിമെന്‍റുകൾ മസിലുകൾ വർദ്ധിപ്പിക്കാൻ സഹായിക്കുമെങ്കിലും, അനാവശ്യമായ പ്രോട്ടീൻ ശരീരത്തിൽ കൊഴുപ്പായി ശേഖരിക്കപ്പെടുന്നതിനാൽ അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും.
പോഷകങ്ങളുടെ അപര്യാപ്തത: പ്രോട്ടീൻ സപ്ലിമെന്‍റുകളിൽ വിറ്റാമിനുകളും ധാതുക്കളും പോലുള്ള മറ്റ് അവശ്യ പോഷകങ്ങൾ കുറവായിരിക്കും. നാഷനൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നതനുസരിച്ച്, പ്രോട്ടീൻ സപ്ലിമെന്‍റുകൾ ഭക്ഷണത്തിന് പകരമായി ഉപയോഗിക്കുകയാണെങ്കിൽ കാലക്രമേണ പോഷകങ്ങളുടെ അപര്യാപ്തതയിലേക്കാവും അത് നയിക്കുക.