20 February, 2023 05:57:19 PM


'വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്': കോട്ടയത്ത് ബലൂൺ ഉയർത്തി ക്യാമ്പയിന് തുടക്കം



കോട്ടയം: സ്ത്രീകളിലെ വിളർച്ച കണ്ടെത്തി പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവ കേരളം (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) ക്യാമ്പയിന് ജില്ലയിൽ തുടക്കം. കളക്ടറേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ എന്നിവരുടെ നേതൃത്വത്തിൽ പ്രചാരണ ബലൂൺ ഉയർത്തി.  

സമൂഹത്തിലെ എല്ലാ വിഭാഗം സ്ത്രീകളിലേക്കും പരിപാടി എത്തിച്ചേരണമെന്നും ഇരുമ്പിന്റെ അംശം കുറവുള്ളവരെ കണ്ടെത്തുന്നതോടൊപ്പം ശരിയായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് വ്യാപക ബോധവത്കരണം അനിവാര്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. തൊഴിലാളികളായ സ്ത്രീകൾ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെയും കോളേജ് വിദ്യാർഥിനികളെയും ആദ്യഘട്ടത്തിൽ പരിശോധനക്ക് വിധേയമാകുമെന്ന് ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീ പറഞ്ഞു.  കളക്ടറേറ്റിൽ നടന്ന വളർച്ചാ പരിശോധനാ ക്യാമ്പ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു.


കാമ്പയിന്റെ ഭാഗമായി ജില്ലയിലെ  മുഴുവൻ ആശാ പ്രവർത്തകർക്കും അനീമിയ നിർണയ പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ പറഞ്ഞു. ജില്ലയിൽ 1555 ആശാ പ്രവർത്തകരാണുള്ളത്. ഇവരിൽ 800 പേരുടെ രക്തം ഇതിനോടകം പരിശോധിച്ചുകഴിഞ്ഞു.  

അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, കോട്ടയം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ: ആർ. ബിന്ദുകുമാരി, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ: അജയ്മോഹൻ, വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിതാ സെയിൽ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പി.എൻ. വിദ്യാധരൻ, ആർദ്രം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ: എ.ആർ. ഭാഗ്യശ്രീ, ആജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ തുടങ്ങിയവർ സംസാരിച്ചു.

15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തി ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയാണു വിവ കേരളം ക്യാമ്പയിന്റെ ലക്ഷ്യം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു പരിശോധനയിലൂടെ അനീമിയ തിരിച്ചറിയാം. സ്ത്രീകളിൽ ഹീമോഗ്‌ളോബിന്റെ അളവ് 12 മുതൽ 15 ഗ്രാം വരെയും പുരുഷന്മാരിൽ  13 മുതൽ 17 ഗ്രാം വരെയും കുട്ടികളിൽ 11 മുതൽ 16 ഗ്രാം വരെയുമാണ്. ഗർഭിണികളിൽ 11 ഗ്രാമെങ്കിലും വേണം. ഇതിൽ കുറവെങ്കിൽ അനീമിയ ആയി കണക്കാക്കാം. ആഹാര ക്രമീകരണത്തിലൂടെയും ചികിത്സയിലൂടെയും അനീമിയയിൽനിന്നു മുക്തിനേടാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K