04 February, 2023 03:53:23 PM
ഇന്ത്യൻ നിർമിത തുള്ളിമരുന്ന് കണ്ണിലൊഴിച്ച 55 പേർക്ക് അണുബാധ; ഒരു മരണം
ന്യൂയോര്‍ക്ക്: അമേരിക്കയിൽ ഇന്ത്യൻ നിർമിത തുള്ളിമരുന്ന് കണ്ണിലൊഴിച്ച അൻപത്തിയഞ്ചു പേർക്ക് കണ്ണിനു കടുത്ത അണുബാധയുണ്ടായതായി റിപ്പോർട്ട്. ഇവരിൽ 11 പേരുടെ കാഴ്ചശക്തി നഷ്ടപ്പെടുകയും അണുബാധ രക്തത്തിലേക്ക് പടർന്ന് ഒരാൾ മരിക്കുകയും ചെയ്തു എന്നാണ് അമേരിക്കയിലെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഏജൻസി ആയ എഫ്ഡിഎ അറിയിച്ചത്. ഇതിനെത്തുടർന്ന് മരുന്ന് നിർമാതാക്കൾക്കെതിരെ ശക്തമായ നടപടികളാണ് എടുത്തിരിക്കുന്നത്.
ചെന്നൈ ആസ്ഥാനമായ ഗ്ലോബൽ ഫർമാ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നിർമിച്ച Ezricare എന്ന മരുന്നാണ് അപകടകാരണമായത്. കമ്പ്യൂട്ടർ ഉപയോഗം, കാലാവസ്ഥ, പ്രായാധിക്യം, ശാരീരികമായ മറ്റുപ്രശ്നങ്ങൾ എന്നിവമൂലം കണ്ണുനീരിന്‍റെ ഗുണനിലവാരം കുറയുകയും കണ്ണിന് അസ്വസ്ഥത ഉണ്ടാകുകയും ചെയ്യുന്ന ഡ്രൈ ഐ സിൻഡ്രോം ഉള്ളവർ ഉപയോഗിക്കുന്ന മരുന്നാണിത്.
കൃത്രിമ കണ്ണുനീർ എന്നറിയപ്പെടുന്ന ഇത്തരം മരുന്നുകൾ ധാരാളമായി വിറ്റഴിയാറുണ്ട്. പലപ്പോഴും ഡോക്ടറുടെ അറിവോ കുറിപ്പടിയോ ഇല്ലാതെ ആണ് ഇവ രോഗികൾ വാങ്ങുന്നത്. കഴിഞ്ഞ വർഷം ആമസോൺ വഴി ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്ത് മരുന്നുകളിൽ ഒന്നാണിത്.
പലതരം ആന്റിബയോട്ടിക് മരുന്നുകൾക്കു പോലും ഫലം കാണാത്ത തരം സ്യൂഡോമോണസ് എയർജിനോസ എന്ന ബാക്റ്റീരിയയാണ് അണുബാധയ്ക്ക് കാരണമായത് എന്നാണ് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചത്. അമേരിക്കയിൽ ഇന്നേവരെ കണ്ടുപിടിച്ചതായി രേഖപ്പെടുത്തിയിട്ടില്ലാത്ത ഈ കീടാണു, മരുന്നിൽ എങ്ങനെ കലർന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പ്രിസർവേറ്റീവ് ചേർക്കാതെ നിർമ്മിച്ചത് എന്ന് ഗ്ലോബൽ ഹെൽത് കെയർ അവകാശപ്പെടുന്ന ഈ മരുന്ന് പലവട്ടം ഉപയോഗിക്കാവുന്ന കുപ്പികളിൽ നിറച്ചിരുന്നതിനാൽ ഓരോ തവണയുമുള്ള ഉപയോഗത്തിനിടെ മരുന്നിൽ ബാക്ടീരിയ വളരാൻ ഇടയായിരിക്കാം എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. പ്രിസർവേറ്റീവ് ചേർക്കാതെ നിർമ്മിക്കുന്നത് കാരണം ഒറ്റ ഡോസ് മാത്രം കൊള്ളുന്ന തരം പാക്കേജിങ് ഉപയോഗപ്പെടുത്തിയിരുന്നു എങ്കിൽ ഈ ദുരന്തം ഒരുപക്ഷെ ഒഴിവാക്കാമായിരുന്നത്രെ.
തന്നെയുമല്ല, വേണ്ടത്ര മുൻകരുതലോ സുരക്ഷാമാനദണ്ഡങ്ങളോ പാലിക്കാതെയാണ് കമ്പനി ഈ മരുന്ന് വിപണിയിലിറക്കിയത് എന്നും ആരോപിക്കപ്പെടുന്നു. ആവശ്യപ്പെട്ട ചില രേഖകൾ നല്കാത്തതിനും കമ്പനിക്കെതിരെ നടപടിയെടുക്കുന്നു FDA എന്ന സൂചനയാണ് ലഭിക്കുന്നത്.
ഗ്ലോബൽ ഫാർമ ഹെൽത്ത്‌കെയർ തെക്കുകിഴക്കൻ ഏഷ്യ, മധ്യ അമേരിക്ക, ലാറ്റിൻ അമേരിക്ക, സിഐഎസ്, ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ വിപണികളിലേക്ക് ധാരാളം മരുന്നുകൾ എത്തിക്കുന്നുണ്ട്. അമേരിക്കയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധയ്ക്കു ശേഷം ezricare പൂർണമായും വിപണിയിൽ നിന്നും പിൻവലിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കമ്പനി അവരുടെ വെബ്സൈറ്റ് വഴി അറിയിച്ചു. Ezricare എന്ന ഈ മരുന്ന് ഇന്ത്യയിൽ കമ്പനി വിൽക്കുന്നില്ല.
കഴിഞ്ഞ ഒക്‌ടോബറിനുശേഷം വിദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുമായി ഇന്ത്യൻ നിർമ്മിത മരുന്നുകൾ ബന്ധപ്പെട്ടിരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെ, ഗാംബിയയിൽ 66 കുട്ടികളും ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളും മരിച്ചതായി ആരോപിച്ച് ഇന്ത്യയിൽ നിർമ്മിച്ച മരുന്നുകൾക്ക് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) രണ്ടുതവണ മെഡിക്കൽ അലേർട്ട് നൽകിയിരുന്നു.