03 February, 2023 06:26:02 PM
ഉഴവൂരിൽ കിടപ്പുരോഗികള്‍ക്ക് സാന്ത്വനവുമായി ആയുര്‍വേദ - ഹോമിയോ വിഭാഗങ്ങള്‍
കോട്ടയം: ആയുര്‍വേദ, ഹോമിയോ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന "അരികെ" എന്ന പദ്ധതിയുടെ ഭാഗമായി ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലും പാലിയേറ്റീവ് കെയര്‍ ആരംഭിച്ചു. പദ്ധതിയാരംഭത്തില്‍ മാസത്തില്‍ ഒരു തവണ കിടപ്പുരോഗികളെ സന്ദര്‍ശിച്ച് ആയുർവേദ - ഹോമിയോ ഡോക്ടർമാർ രോഗികളുടെ ആവശ്യമായ മരുന്നുകളും പരിചരണവും നല്‍കും. പദ്ധതി പ്രവര്‍ത്തനത്തിന് ആവശ്യമായ വാഹനവും മറ്റു അടിസ്ഥാന സൌകര്യങ്ങളും നിലവിലെ പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റില്‍ നിന്നും ലഭ്യമാക്കുമെന്ന് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണിസ് പി സ്റ്റീഫന്‍ അറിയിച്ചു.
ഉഴവൂര്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. സജേഷ്, ഹോമിയോ മെഡിക്കൽ ഓഫീസർമാരായ ഡോ സ്മിത മോഹൻ, ഡോ അനുഷ ആർ നായർ എന്നിവർ ആണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം മരുന്നു വാങ്ങുന്നതിന് ആയുർവേദാശുപത്രിക്ക് 5 ലക്ഷം രൂപയും ഹോമിയോ ആശുപത്രിക്ക് 3,20000 രൂപയുമായി ഗ്രാമപഞ്ചായത്ത് 8,20000 രൂപ ചെലഴിച്ചിട്ടുണ്ട്. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി 5,95,000 രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ആയുര്‍വേദ ,ഹോമിയോ ചികിത്സകൾക്ക് മുന്‍തൂക്കം നല്‍കുന്ന വയോധികരായ പാലിയേറ്റീവ് രോഗികള്‍ക്ക് വലിയ ആശ്വാസകരമാകും എന്ന ചിന്തയിലാണ് പദ്ധതിയുടെ നടത്തിപ്പിന് പ്രാധാന്യം നല്‍കുന്നതെന്ന് പ്രസിഡന്‍റ് അറിയിച്ചു.