02 February, 2023 03:03:16 PM


പരിശോധനകൾ ഇല്ലാതെ ഹെൽത്ത് കാർഡ് നൽകി; ഡോക്ടർക്ക് സസ്പെൻഷൻ



തിരുവനന്തപുരം: പരിശോധനകൾ ഇല്ലാതെ ഹെൽത്ത് കാർഡ് നൽകിയ ഡോക്ടർക്ക് സസ്പെൻഷൻ. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജന്‍ ഡോ.വി.അമിത് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.

ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാനായിരുന്നു നിര്‍ദേശം നല്‍കിയത്. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

പണം നൽകിയാൽ ഒരു പരിശോധനയും ഇല്ലാതെയാണ് ഈ ഡോക്ടർ ഹെൽത്ത് കാർഡ് നൽകിയിരുന്നത്. ഇത്തരത്തിൽ വിതരണം ചെയ്യുന്ന ഹെൽത്ത് കാർഡുമായി എത്തുന്ന ജീവനക്കാർക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന വിമർശനം ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നാണ് പുതിയ വ്യവസ്ഥ.

രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ഇതിന് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താൽ ഇഷ്ടം പോലെ കിട്ടുമെന്ന സ്ഥിതി ആശങ്കയ്ക്ക് വഴി ഒരുക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K