02 February, 2023 09:02:38 AM
ശുചിമുറിമാലിന്യവും ചെളിയും: വൈക്കം വെച്ചൂരില്‍ നെല്‍കൃഷി പ്രതിസന്ധിയില്‍
- സ്വന്തം ലേഖകന്‍
വൈക്കം: ശുചിമുറിമാലിന്യവും ഇറച്ചിക്കടകളില്‍നിന്നുള്‍പ്പെടെയുള്ള അവശിഷ്ടങ്ങളും ചെളിയും നിറഞ്ഞ പാടത്തേക്ക് ഇറങ്ങാന്‍ തൊഴിലാളികള്‍ തയ്യാറാകാതെ വന്നതോടെ വൈക്കം വെച്ചൂരില്‍ നെല്‍കൃഷി പ്രതിസന്ധിയില്‍. കൃഷിയില്‍നിന്ന് വിടവാങ്ങുന്ന കാര്യത്തെകുറിച്ചു വരെയായി കര്‍ഷകരുടെ ചിന്തകളും ചര്‍ച്ചകളും.
വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്ന 1200 ഏക്കറിലധികം വരുന്ന പാടശേഖരത്താണ് കൃഷിയിറക്കാനാവാതെ കര്‍ഷകര്‍ വലയുന്നത്. പാടത്തിലൂടെ ഒഴുകുന്ന കൊടുതുരുത്ത് - നാണംപറമ്പ് - തോട്ടാപ്പള്ളി തോട്ടിലേക്കാണ് നിരന്തരമായി രാത്രികാലങ്ങളില്‍ ശുചിമുറിമാലിന്യം തള്ളുന്നത്. കെവി കനാലില്‍നിന്നും ആരംഭിച്ച് വേമ്പനാട്ട് കായലില്‍ സമാപിക്കുന്ന മൂന്നര കിലോമീറ്ററിലധികം നീളമുള്ള തോട്ടില്‍ നീരൊഴുക്ക് നിലച്ചതും പ്രതിസന്ധിയായി.
കൊടുതുരുത്തില്‍ താത്ക്കാലികമായി നിര്‍മ്മിച്ച തടിപ്പാലം പിന്നീട് ബണ്ട് രൂപത്തിലായതോടെയാണ് നീരൊഴുക്ക് കുറഞ്ഞതത്രേ. ഒപ്പം കയ്യേറ്റവും. 15 മീറ്റര്‍ വീതിയുണ്ടായിരുന്ന തോടിന് ഇപ്പോള്‍ പലയിടത്തം അഞ്ച് മീറ്റര്‍ മാത്രമാണ് വീതി. നീരൊഴുക്ക് നിലച്ചതോടെ തോട്ടില്‍ ചെളിയും കടനാശിനികളും കെട്ടികിടന്ന് പ്രദേശവാസികള്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് അടിമകളായി മാറുന്ന അവസ്ഥയുമാണ്.
ശുചിമുറിമാലിന്യം തള്ളുന്നത് തടയാനായി പലയിടത്തും പഞ്ചായത്ത് ക്യാമറകള്‍ സ്ഥാപിച്ചു. എന്നാല്‍ ജനവാസം കുറഞ്ഞ മേഖലകളില്‍ ക്യാമറകള്‍ നശിപ്പിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഇത് സാമൂഹ്യവിരുദ്ധശല്യമേറാനും കാരണമായി. തോട്ടിലെ ചെളിവാരി ആഴംകൂട്ടി നവീകരിക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് 39.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. പണമില്ല എന്നത് ഇവിടെയും പ്രശ്നമായി.
അതേസമയം ഇത്രയും തുക മുടക്കി തോട് നവീകരിക്കാന്‍ ഗ്രാമപഞ്ചായത്തിനും സാധിക്കുകയില്ലെന്ന് വാര്‍ഡ് മെമ്പര്‍ എന്‍.സഞ്ചയന്‍ 'കൈരളി വാര്‍ത്ത'യോട് പറഞ്ഞു. മൈനര്‍ ഇറിഗേഷനോ കൃഷിവകുപ്പോ മുന്‍കൈ എടുത്താല്‍ മാത്രമേ വെച്ചൂരിലെ കര്‍ഷകരുടെ ഈ പ്രതിസന്ധി പരിഹരിക്കാനാവൂ എന്നും അദ്ദേഹം ചൂണ്ടികാട്ടി. ഒപ്പം ശുചിമുറിമാലിന്യം ഉള്‍പ്പെടെ മാലിന്യങ്ങള്‍ പാടശേഖരങ്ങളിലേക്ക് തള്ളുന്നതിനെതിരെയും ബന്ധപ്പെട്ട അധികൃതര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.