31 January, 2023 07:11:06 PM


കോട്ടയം ജില്ലയിൽ 104 പശുക്കള്‍ക്ക് അസുഖം: കാലിത്തീറ്റ സാമ്പിളുകൾ ശേഖരിച്ചു



കോട്ടയം: ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി പശുക്കള്‍ക്കുണ്ടായ അതിതീവ്ര വയറിളക്കം, തീറ്റ മടുപ്പ്, മന്ദത എന്നിവയില്‍ നിന്നും പശുക്കള്‍ അപകടനില തരണം ചെയ്തതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു. ആര്‍പ്പൂക്കര, കൊഴുവനാല്‍, മുളക്കുളം, ഞീഴൂര്‍, കടുത്തുരുത്തി, മീനടം, കടപ്ലാമറ്റം, അതിരമ്പുഴ, പാമ്പാടി, കറുകച്ചാല്‍, വാഴൂര്‍ എന്നിവിടങ്ങളിലായി 23 കര്‍ഷകരുടെ 104 പശുക്കള്‍ക്കാണ് അസുഖം ബാധിച്ചത്.

രോഗലക്ഷണങ്ങള്‍ കണ്ട പശുക്കള്‍ക്ക് നിര്‍ജ്ജലീകരണത്തിനുള്ള ചികിത്സ, ആന്റിബയോട്ടിക്, ലിവര്‍ ടോണിക് എന്നിവ നല്‍കിയാണ് അതത് മേഖലകളിലെ വെറ്ററിനറി സര്‍ജന്‍മാര്‍ ചികിത്സിച്ചത്. കാലിത്തീറ്റയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന കര്‍ഷകരുടെ ആരോപണത്തെ തുടര്‍ന്ന് കോട്ടയം ജില്ലാ വെറ്ററിനറി ആശുപത്രിയില്‍ നിന്നുള്ള രണ്ട് വിദഗ്ദ്ധ സംഘങ്ങള്‍ പ്രശ്‌നബാധിത മേഖലകള്‍ സന്ദര്‍ശിച്ച്  കാലിത്തീറ്റ സാമ്പിളുകള്‍ പരിശോധനയ്ക്ക് ശേഖരിച്ചു.

ചീഫ് വെറ്റിനറി  ഓഫീസര്‍ ഡോ. മനോജ് കുമാര്‍, ജില്ലാ എപ്പിഡിമിയോളജിസ്റ്റ് ഡോ. എസ്. രാഹുല്‍, ലാബ് ഓഫീസര്‍ ഡോ. സേതുലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് പരിശോധന നടത്തിയത്. 
രോഗബാധയുണ്ടായ പശുക്കളുടെ രക്തം, ചാണകം, മൂത്രം എന്നിവയും 
 പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.  കന്നുകാലികളുടെ സാമ്പിളുകള്‍ കോട്ടയം  ജില്ലാ വെറ്റിനറി കേന്ദ്രത്തിലും കാലിത്തീറ്റ സാമ്പിളുകള്‍ തിരുവല്ലയിലെ ഏവിയന്‍  ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി (എ.ഡി.ഡി.എല്‍), സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസസ് (എസ്.ഐ.എ.ഡി) എന്നിവിടങ്ങളിലും പരിശോധിക്കും. സാമ്പിളുകളില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയാല്‍ ഗുജറാത്തിലെ എന്‍.ഡി.ഡി.ബി. (നാഷണല്‍ ഡയറി ഡവലപ്മെന്റ് ബോര്‍ഡ്), അമൂല്‍  ലാബോറട്ടറി എന്നിവിടങ്ങളിലേക്ക് വിശദ പരിശോധനകള്‍ക്ക് അയയ്ക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K