23 January, 2023 01:39:05 PM


എറണാകുളത്ത് മൂന്ന് വിദ്യാർത്ഥികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു


 
കൊച്ചി: എറണാകുളത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് വൈറസ്ബാധ കണ്ടെത്തിയത്. മൂന്ന് കുട്ടികളെയാണ് വൈറസ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ചില രക്ഷിതാക്കള്‍ക്കും വൈറസ് ബാധ ഉള്ളതായി സംശയിക്കുന്നുണ്ട്. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ അടുത്ത മൂന്നുദിവസത്തേക്ക് സ്കൂള്‍ അടച്ചിരിക്കുകയാണ്. കൂടുതല്‍ കുട്ടികളില്‍ രോഗം ബാധിച്ചിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനകളും നടന്നു വരികയാണ്.

എന്താണ് നോറോ വൈറസ്?

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

മലിനജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്ബര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്നും സ്രവങ്ങളിലൂടെ പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും. പ്രായഭേദമെന്യെ എല്ലാവരിലും വൈറസ് ബാധിക്കാം.

വൈറസ് ബാധിതര്‍ വീട്ടിലിരിക്കേണ്ടതും, ഒ.ആര്‍.എസ്. ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കേണ്ടതുമാണ്. രോഗികള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം പാകംചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒന്നുമുതല്‍ മൂന്നുദിവസങ്ങള്‍ക്കുള്ളില്‍തന്നെ രോഗലക്ഷണങ്ങള്‍ മാറാം. എന്നാല്‍ അത് കഴിഞ്ഞുള്ള രണ്ടുദിവസങ്ങള്‍ വരെ രോഗിയില്‍നിന്ന് വൈറസ് പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K