16 January, 2023 07:24:02 PM
കോട്ടയം ജില്ലയിൽ നാളെ 4.27 ലക്ഷം കുട്ടികൾക്ക് വിരക്കെതിരെ ഗുളിക നൽകും
കോട്ടയം: ദേശീയ വിരമുക്തി ദിനമായ നാളെ (ജനുവരി 17) ജില്ലയിലെ സ്‌കൂൾ, അങ്കണവാടികൾ, കോളേജുകൾ എന്നിവിടങ്ങളിലെ ഒന്നു മുതൽ 19 വരെ വയസുള്ള 4.27 ലക്ഷം കുട്ടികൾക്കും കൗമാരപ്രായക്കാർക്കും വിരക്കെതിരെ ഗുളിക നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ; എൻ പ്രിയ അറിയിച്ചു.
ഗുളിക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 11.00 മണിക്കു കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചലച്ചിത്ര ബാലതാരം ആരിഷ് അനൂപിന് നൽകി നിർവഹിക്കും.
ജില്ലയിലെ സി.ബി.എസ്.സി, ഐ.സി.എസ്.സി, എയ്ഡഡ്, സർക്കാർ ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങളിലും അങ്കണവാടികളിലും ഗുളിക വിതരണം ചെയ്യും. സ്‌പെഷ്യൽ സ്‌കൂളുകൾ, എം.ആർ.എസ് , ബാലഭവൻ, പോളിടെക്നിക്, ഐ.ടി.ഐ പാരലൽ കോളജുകൾ എന്നിവയിലെ കുട്ടികൾക്കും ഗുളിക നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വിരയിളക്കുന്നതിന് ആൽബൻഡസോൾ ഗുളികയാണ് നൽകുക. ഉച്ച ഭക്ഷണശേഷം ചവച്ചരച്ച് വെള്ളത്തോടൊപ്പമാണ് ഗുളിക കഴിക്കേണ്ടത്. പനി, ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ട അസുഖങ്ങൾ ഇല്ലാത്ത എല്ലാ കുട്ടികളും ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പ് വിരഗുളിക കഴിച്ച കുട്ടികൾ ഉൾപ്പെടെയുള്ള കുട്ടികൾ കഴിക്കണം.
ജില്ലയിലെ 926 സ്‌കൂളുകൾ, 297 പ്രീ-പ്രൈമറി സ്‌കൂളുകൾ, 2050 അങ്കണവാടികൾ, 56 ഡേകെയർ സെന്ററുകൾ 24 കോളേജുകൾ എന്നിവിടങ്ങളിൽ അധ്യാപകരുടേയും ആരോഗ്യപ്രവർത്തകരുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് ഗുളിക നൽകും. അങ്കണവാടിയിൽ പോകാത്ത കുഞ്ഞുങ്ങളും, മറ്റു സ്വകാര്യ നഴ്‌സറികളിൽ പഠിക്കുന്ന കുട്ടികളും ഉച്ചസമയം അങ്കണവാടികളിലെത്തി മരുന്ന് കഴിക്കണം.