26 December, 2022 01:16:17 AM


കോവിഡ്: ഡിസംബര്‍ 27ന് രാജ്യവ്യാപകമായി മോക്ക് ഡ്രില്‍ നടത്താന്‍ കേന്ദ്ര നിര്‍ദേശം



ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലുടനീളം മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 27നാണ് മോക്ക് ഡ്രില്‍ നടക്കുക. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍  സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനായാണ് മോക്ക് ഡ്രില്‍ നടത്തുന്നത്.

ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലായിരിക്കണം ആരോഗ്യവകുപ്പ് മോക്ഡ്രില്‍ നടത്തേണ്ടതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറി രജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. അന്ന് വൈകീട്ട് തന്നെ മോക്ക് ഡ്രില്‍ ഫലം അപ്ലോഡ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നു.

ഓരോ സംസ്ഥാനങ്ങളിലേയും ആകെയുള്ള ഐസൊലേഷന്‍ വാര്‍ഡുകളുടെയും ഐ.സി.യു., വെന്റിലേറ്റര്‍ സൗകര്യങ്ങളുടെയും ലഭ്യത ഇതിലൂടെ പരിശോധിക്കും. കോവിഡ് സാഹചര്യം നേരിടാന്‍ ആവശ്യമായ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, മരുന്നുകള്‍, മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയവ കാര്യങ്ങളും ഉറപ്പാക്കാനും മോക്ക് ഡ്രില്‍ ലക്ഷ്യമിടുന്നു. ജില്ല തിരിച്ചുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങള്‍ ഇതിലൂടെ ഉറപ്പുവരുത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K