17 December, 2022 10:09:32 PM
ആയുര്‍വേദമേഖലയുടെ വളര്‍ച്ചയില്‍ തൃശ്ശൂര്‍ ജില്ലയുടെ പങ്ക് നിസ്തുലം - മന്ത്രി ബിന്ദു
- പി.എം.മുകുന്ദന്‍
തൃശ്ശൂര്‍ : ആയുര്‍വേദമേഖലയുടെ വളര്‍ച്ചയില്‍ തൃശ്ശൂര്‍ ജില്ലയുടെ പങ്ക് നിസ്തുലമെന്ന് മന്ത്രി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു അഭിപ്രായപ്പെട്ടു. സാത്വികഭാവം ഉള്‍ക്കൊള്ളുന്ന ആയുര്‍വേദത്തിന്‍റെ ബൗദ്ധപാരമ്പര്യം സുരക്ഷിതമായി നിലനിര്‍ത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നൂറു വര്‍ഷം പിന്നിട്ട അഷ്ടവൈദ്യന്‍ തൃശ്ശൂര്‍ തൈക്കാട്ട് മൂസ്സ് എസ് എന്‍ എ ഔഷധശാലയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ശതോത്തരം പരിപാടിയുടെ ഭാഗമായി നടന്ന തൃശ്ശൂര്‍ ജില്ലയുടെ ആയുര്‍വേദപ്പെരുമ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ സാങ്കേതിക വിദ്യയുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തി ആയുര്‍വേദനിര്‍മ്മാണരീതികള്‍ ആധുനികവല്‍ക്കരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) സലജകുമാരി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എ. എ. ബേബി വിഷയാവതരണം നടത്തി. ഡോ. ടി. കെ. ഹൃദീക്, ഡോ. കെ. വി. രാജഗോപാലന്‍, ഡോ. ഡി. രാമനാഥന്‍, ഡോ. കെ. വി. രാമന്‍കുട്ടി വാരിയര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. യോഗത്തിന് ഡി. പ്രദീപ്കുമാര്‍ സ്വാഗതവും ജയകൃഷ്ണന്‍ നമ്പി നന്ദിയും പറഞ്ഞു.